റിയാദ്- ഹജിന് പ്രാഥമിക അനുമതി ലഭിക്കുകയും എന്നാല്‍ നിര്‍ദിഷ്ട വാക്‌സിനുകള്‍ എടുക്കാതിരിക്കുകയും ചെയ്തവരുടെ ഹജ് പെര്‍മിറ്റുകള്‍ റദ്ദാക്കിയതായി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. സൗദിയില്‍ നിന്ന് ഹജ്ജിന് അപേക്ഷിച്ച ശേഷം വാക്‌സിനെടുക്കാത്തവര്‍ക്കെതിരെയാണ് മന്ത്രാലയം നടപടി സ്വീകരിച്ചിരിക്കുന്നത്.കോവിഡ് വാക്‌സിന്‍, ഫഌ വാക്‌സിന്‍, മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എന്നിവയാണ് സൗദിയില്‍ നിന്ന് ഹജ്ജിന് പോകുന്നവര്‍ എടുത്തിരിക്കേണ്ടത്. സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കുമാണ് ഇത്തരം ആരോഗ്യമാനദണ്ഡങ്ങള്‍ നടപ്പാക്കിയത്. 90 ശതമാനം പേരും വാക്‌സിനെടുത്തിട്ടുണ്ടെങ്കിലും 10 ശതമാനം ഇതുവരെ വാക്‌സിനെടുത്തിട്ടില്ല. വാക്‌സിനെടുക്കാത്തവര്‍ എത്രയും പെട്ടെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ സിഹതീ ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്ത് പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ പോയി വാക്‌സിനെടുക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.