ജിദ്ദ – ഏതാനും മേഖലകളില്‍ ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ കഴിഞ്ഞ വര്‍ഷാവസാനത്തോടെ സൗദിവല്‍ക്കരണം 40 ശതമാനമായി ഉയര്‍ന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട് പറഞ്ഞു. ടൂറിസം, ചില്ലറ വ്യാപാരം, വ്യവസായം, ലോജിസ്റ്റിക്സ് സേവനം, ആരോഗ്യം, സാമൂഹിക സേവനം, ഊര്‍ജം, വൈദ്യുതി, ഗ്യാസ്, ഐ.ടി, ടെലികോം, ധനസേവനം എന്നീ മേഖലകളിലാണ് ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണം 40 ശതമാനമായി ഉയര്‍ന്നത്. ഈ മേഖലകളില്‍ ഏറ്റവും മികച്ച സൗദി തൊഴിലാളികളെ ലഭ്യമാക്കുന്നതിന് ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമുള്ള നിരവധി തൊഴില്‍ മേഖലകളില്‍ 16,000 സൗദി യുവതീയുവാക്കള്‍ക്ക് മന്ത്രാലയം മുന്‍കൈയെടുത്ത് കഴിഞ്ഞ വര്‍ഷം പരിശീലനങ്ങള്‍ നല്‍കിയതായും റിപ്പോര്‍ട്ട് പറഞ്ഞു.