ജിദ്ദ – ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ കൂടുതല്‍ ഓഹരികള്‍ വില്‍ക്കുന്നു. കമ്പനിയുടെ 1.545 ബില്യണ്‍ ഓഹരികളാണ് വില്‍ക്കുന്നത്. ഇത് കമ്പനിയുടെ ആകെ ഓഹരികളുടെ 0.64 ശതമാനത്തിന് തുല്യമാണ്. ഐ.പി.ഒക്ക് ഞായറാഴ്ച തുടക്കമാകും. ഓഫര്‍ ചെയ്യുന്ന ഓഹരികളുടെ വില 26.7 റിയാലിനും 29 റിയാലിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അറാംകൊ കൂട്ടിച്ചേര്‍ത്തു. ഓഹരി വില്‍പനയിലൂടെ 4,481 കോടി റിയാല്‍ സമാഹരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.
വ്യക്തിഗത നിക്ഷേപകര്‍ക്ക് 15.45 കോടി ഓഹരികള്‍ നീക്കിവെക്കുമെന്ന് സൗദി അറാംകൊ പറഞ്ഞു. ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ വില്‍പന നടത്തുന്ന ഓഹരികളില്‍ പത്തു ശതമാനമാണ് വ്യക്തിഗത നിക്ഷേപകര്‍ക്ക് നീക്കിവെക്കുന്നത്. 2019 ല്‍ അറാംകൊയുടെ ഒന്നര ശതമാനം ഓഹരികള്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ വില്‍പന നടത്തി 3,000 കോടി ഡോളര്‍ സമാഹരിച്ചിരുന്നു.
മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗദി അറാംകൊയില്‍ സര്‍ക്കാറിനുള്ള ഓഹരികളില്‍ എട്ടു ശതമാനം പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് മാറ്റിയതായി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചിരുന്നു. ഇതോടെ സൗദി അറാംകൊയില്‍ സര്‍ക്കാറിനുള്ള ഉടമസ്ഥാവകാശം 82.186 ശതമാനമായി കുറഞ്ഞു. കമ്പനിയില്‍ സര്‍ക്കാറിനുള്ള ഓഹരികൡ നാലു ശതമാനം പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലെ സനാബില്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയിലേക്ക് മാറ്റിയതായി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കിരീടാവകാശി അറിയിച്ചു. 2022 ഫെബ്രുവരിയില്‍ സൗദി അറാംകൊയുടെ നാലു ശതമാനം ഓഹരികള്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് മാറ്റിയിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് സൗദി അറാംകൊയുടെ 16 ശതമാനം ഓഹരി ഉടമസ്ഥാവകാശമുണ്ട്. ഫണ്ടിന്റെ ആസ്തികള്‍ നാലു ട്രില്യണിലേറെ റിയാലായി ഉയര്‍ത്താനുള്ള പദ്ധതിക്ക് ഇത് പിന്തുണ നല്‍കും.
ഈ വര്‍ഷാദ്യം മുതല്‍ സൗദി അറാംകൊ ഓഹരി മൂല്യം 11 ശതമാനം തോതില്‍ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച 29 റിയാലിലാണ് അറാംകൊ ഓഹരി ഇടപാട് അവസാനിപ്പിച്ചത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ കമ്പനി ലാഭം 14 ശതമാനം തോതില്‍ കുറഞ്ഞ് 27.27 ബില്യണ്‍ ഡോളറായി. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തില്‍ കമ്പനി 31.88 ബില്യണ്‍ ഡോളര്‍ ലാഭം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ കൊല്ലം ലാഭം മൂന്നു ശതമാനം തോതില്‍ ഉയര്‍ന്ന് 124.3 ബില്യണ്‍ ഡോളറാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി പറഞ്ഞു. കഴിഞ്ഞ കൊല്ലം കമ്പനി 121.3 ബില്യണ്‍ ഡോളര്‍ അറ്റാദായം നേടിയിരുന്നു. അറാംകൊ കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ലാഭമാണിത്. 2022 ല്‍ സൗദി അറാംകൊ 161.1 ബില്യണ്‍ ഡോളര്‍ ലാഭം നേടിയിരുന്നു.