മക്ക – പുണ്യസ്ഥലങ്ങളില്‍ ഹജ് തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന റോഡുകള്‍ തണുപ്പിക്കുന്ന പദ്ധതി കൂടുതല്‍ വിപുലീകരിക്കാന്‍ തുടങ്ങിയതായി റോഡ്സ് ജനറല്‍ അതോറിറ്റി അറിയിച്ചു. മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം, ഹജ്, ഉംറ മന്ത്രാലയം, പില്ഗ്രിംസ് സര്‍വീസ് പ്രോഗ്രാം, ജീവിത ഗുണനിലവാര പദ്ധതി, മക്ക നഗരസഭ എന്നിവയുമായി സഹകരിച്ചാണ് റോഡ്സ് ജനറല്‍ അതോറിറ്റി പദ്ധതി നടപ്പാക്കുന്നത്. പുണ്യസ്ഥലങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍ റോഡുകളുടെ പ്രതലങ്ങള്‍ തണുപ്പിക്കുന്ന പരീക്ഷണമാണ് വിപുലീകരിക്കുന്നത്.
അറഫയില്‍ മസ്ജിദ് നമിറക്കു സമീപം 25,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്ത് ഈ പദ്ധതി ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ഹജ് കര്‍മങ്ങള്‍ തീര്‍ഥാടകര്‍ക്ക് അനായാസകരമായും എളുപ്പത്തിലും നിര്‍വഹിക്കാന്‍ സഹായകമാകുന്ന എല്ലാ സൗകര്യങ്ങളും സേവങ്ങളും നല്‍കാനുള്ള സൗദി അറേബ്യയുടെ അതീവ താല്പര്യത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഹജിന് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ പുണ്യസ്ഥലങ്ങളില്‍ നടപ്പാക്കിയിരുന്നു.
മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റോഡുകള്‍ പകല്‍ സമയത്ത് താപനില ആഗിരണം ചെയ്യുകയും റോഡുകളുടെ താപനില ചിലപ്പോള്‍ 70 ഡിഗ്രി സെല്‍ഷ്യസിലെത്തുകയും ചെയ്യുന്നു. ഈ ചൂട് രാത്രിയില്‍ റോഡുകള്‍ പുറത്തുവിടുന്നു. ഇത് ഹീറ്റ് ഐലന്റ് പ്രതിഭാസം എന്ന് വിളിക്കപ്പെടുന്ന ഒരു ശാസ്ത്രീയ പ്രതിഭാസത്തിന് കാരണമാകുന്നു. ഇത് വര്‍ധിച്ച ഊര്ജോപഭോഗത്തിനും വായുമലിനീകരണത്തിനും കാരണമാകുന്നു. ഇത് ഹീറ്റ് ഐലന്റ് പ്രതിഭാസത്തിന് പരിഹാരം കാണല്‍ ആവശ്യമാക്കി മാറ്റുന്നു.
തണുത്ത നടപ്പാതകള്‍ എന്നറിയപ്പെടുന്ന പരീക്ഷണം ഇങ്ങിനെയാണ് നടപ്പാക്കാന്‍ ആരംഭിച്ചത്. സൗരകിരണങ്ങളെ ചെറിയ അളവില്‍ ആഗിരണം ചെയ്യാന്‍ കഴിവുള്ള, പ്രാദേശികമായി നിര്‍മിച്ച നിരവധി വസ്തുക്കള്‍ ഉപയോഗിച്ച് തയാറാക്കയി പദാര്‍ഥം റോഡിന്റെ ഉപരിതലം മൂടുന്ന രീതിയാണിത്. പരമ്പരാഗത നടപ്പാതകളെ അപേക്ഷിച്ച് ഈ നടപ്പാതയുടെ ഉപരിതലത്ത് ചൂട് കുറവായിരിക്കും. റെസിഡന്‍ഷ്യല്‍ ഏരിയകള്‍ക്കു ചുറ്റുമുള്ള റോഡുകള്‍ക്ക് ഈ പദാര്‍ഥം അനുയോജ്യമാണ്. ജനവാസ കേന്ദ്രങ്ങളിലെയും പാര്‍പ്പിട പ്രദേശങ്ങളിലെയും താപനില കുറക്കാനും കെട്ടിടങ്ങള്‍ ശീതീകരിക്കാന് ഉപയോഗിക്കുന്ന ഊര്‍ജം കുറക്കാനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറക്കാനും ഈ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നു. കാത്തിരിപ്പ് കേന്ദ്രങ്ങളിലും ആളുകള്‍ തടിച്ചുകൂടുന്ന പ്രദേശങ്ങളിലും കൂടുതല്‍ സുഖപ്രദമായ അന്തരീക്ഷം പ്രദാനം ചെയ്യാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.