മക്ക – ഹജ് സീസണില്‍ വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും ബാങ്കിനും ഇഖാമത്തിനും ഇടയിലെ കാത്തിരിപ്പ് സമയവും നമസ്‌കാരങ്ങളിലെ ഖുര്‍ആന്‍ പാരായണ അളവും കുറച്ച് വിശ്വാസികളുടെ ഭാരം ലഘൂകരിക്കാന്‍ ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് ഇരു ഹറമുകളിലെയും ഇമാമുമാരോട് നിര്‍ദേശിച്ചു.
ബലഹീനരും വൃദ്ധരും അടക്കം ലക്ഷക്കണക്കിന് ഹജ് തീര്‍ഥാടകര്‍ ഇരു ഹറമുകളിലും ഒഴുകിയെത്തുന്നതും ഇരു ഹറമുകളിലെയും കടുത്ത തിരക്കും കണക്കിലെടുത്താണ് ബാങ്കിനും ഇഖാമത്തിനും ഇടയിലെ കാത്തിരിപ്പ് സമയവും നമസകാരങ്ങളിലെ ഖുര്‍ആന്‍ പാരായണ അളവും കുറക്കാന്‍ ഹറം മതകാര്യ വകുപ്പ് മേധാവി നിര്‍ദേശം നല്‍കിയത്.
മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികളിലും ഇടനാഴികളിലും ഇരുന്നുകൊണ്ട് ഹറമില്‍ തിക്കുംതിരക്കുമുണ്ടാക്കരുതെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലും ഫോട്ടോകളെടുക്കുന്നതിലും മുഴുകരുതെന്നും ഹജ് തീര്‍ഥാടകരോട് ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് ആവശ്യപ്പെട്ടു. ആരാധനകളിലും ദൈവീകപ്രീതി കാംക്ഷിച്ചും പാപമോചനം തേടിയും ഹാജിമാര്‍ ഇരു ഹറമുകളിലും സമയം ചെലവഴിക്കണം.
സുരക്ഷിതവും ഭക്തിനിര്‍ഭരവുമായ അന്തരീക്ഷത്തില്‍ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നതിന്, ഹറമുകളിലെ നിയമങ്ങളും മര്യാദകളും, സ്ഥലത്തിന്റെയും സമയത്തിന്റെയും പവിത്രതയും തീര്‍ഥാടകര്‍ പാലിക്കണമെന്നും പരസ്പരം ദയയും അലിവും കാണിക്കണമെന്നും ഹറം മതകാര്യ വകുപ്പ് മേധാവി ആവശ്യപ്പെട്ടു.