ജിദ്ദ – ജിദ്ദ സെക്കന്റ് റിംഗ് റോഡ് ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രിയും റോഡ്‌സ് ജനറല്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസില്‍ ഉദ്ഘാടനം ചെയ്തു. റോഡ്‌സ് ജനറല്‍ അതോറിറ്റി ആക്ടിംഗ് സി.ഇ.ഒ എന്‍ജിനീയര്‍ ബദ്ര്‍ അല്‍ദലാമി ചടങ്ങില്‍ സംബന്ധിച്ചു. റോഡ്‌സ് ജനറല്‍ അതോറിറ്റി മക്ക പ്രവിശ്യയില്‍ നടപ്പാക്കിയ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണ് ദക്ഷിണ, ഉത്തര ജിദ്ദയെ ബന്ധിപ്പിക്കുന്ന സെക്കന്റ് റിംഗ് റോഡ്.
നഗരത്തിലെ ജനസംഖ്യാ വര്‍ധനവുമായി പൊരുത്തപ്പെട്ടുപോകാനാണ് സെക്കന്റ് റിംഗ് റോഡ് നിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നത്. ട്രക്കുകളുടെയും ഹെവി വാഹനങ്ങളുടെയും സഞ്ചാരം നഗരത്തിന് പുറത്തേക്ക് മാറ്റുന്നതിലൂടെ നഗരത്തിനകത്ത് ഉയര്‍ന്ന കാര്യക്ഷമതയോടെ വാഹന ഗതാഗതം സുഗമമാക്കാന്‍ സാധിക്കും.
ഇരു ദിശകളിലും നാലു ട്രാക്കുകള്‍ വീതമുള്ള സെക്കന്റ് റിംഗ് റോഡില്‍ അഞ്ചു ഇന്റര്‍സെക്ഷനുകളും 11 മേല്‍പാലങ്ങളും 50 ഓവുപാലങ്ങളുണ്ട്. കിംഗ് ഫൈസല്‍ റോഡില്‍ നിന്ന് ജിദ്ദ-മക്ക എക്‌സ്പ്രസ്‌വേ വരെ 31 കിലോമീറ്റര്‍ നീളമാണ് റോഡിനുള്ളത്. ആകെ 66 കോടി റിയാല്‍ ചെലവഴിച്ചാണ് റോഡ് നിര്‍മിച്ചത്. റോഡില്‍ ശേഷിക്കുന്ന 82 കിലോമീറ്റര്‍ നീളത്തിന്റെ ഉത്തരവാദിത്തം ജിദ്ദ നഗരസഭക്കാണ്. ആഗോള തലത്തില്‍ റോഡ് ഗുണനിലവാര സൂചികയില്‍ ആറാം സ്ഥാനം കൈവരിക്കാനും വാഹനാപകട മരണ നിരക്ക് ഒരു ലക്ഷം പേര്‍ക്ക് അഞ്ചില്‍ താഴെയായി കുറക്കാനുമാണ് റോഡ് മേഖലാ തന്ത്രത്തിലൂടെ റോഡ്‌സ് ജനറല്‍ അതോറിറ്റി ലക്ഷ്യമിടുന്നത്.