ജിദ്ദ – വിനോദസഞ്ചാര വ്യവസാ മേഖലയില്‍ സൗദിവല്‍ക്കരണം 38 ശതമാനമായി ഉയര്‍ന്നതായി നാഷണല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി വെളിപ്പെടുത്തി. ടൂറിസം മേഖലയില്‍ 71,000 ജീവനക്കാരുണ്ട്. ഇക്കൂട്ടത്തില്‍ 27,000 പേര്‍ സ്വദേശികളാണ്. റിസോര്‍ട്ട് മേഖലയിലാണ് സൗദിവല്‍ക്കരണം ഏറ്റവും കൂടുതല്‍, 48 ശതമാനം. ഹോട്ടല്‍ വില്ല മേഖലയില്‍ 41 ശതമാനവും ടൂറിസം അക്കൊമ്മഡേഷന്‍ മാനേജ്‌മെന്റ് മേഖലയില്‍ 40 ശതമാനവുമായി സൗദിവല്‍ക്കരണം ഉയര്‍ന്നിട്ടുണ്ട്.
ടൂറിസം രംഗത്ത് ഏറ്റവുമധികം സൗദി ജീവനക്കാരുള്ളത് ഹോട്ടല്‍ മേഖലയിലാണ്. ഹോട്ടലുകളില്‍ 15,400 സൗദികള്‍ ജോലി ചെയ്യുന്നു. ഈ മേഖലയില്‍ സൗദിവല്‍ക്കരണം 39 ശതമാനമാണ്. ട്രാവല്‍ ഏജന്‍സികളില്‍ 36 ശതമാനവും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളില്‍ 31 ശതമാനവുമാണ് സൗദിവല്‍ക്കരണം. ടൂറിസം മേഖലയിലെ മൊത്തം സൗദിവല്‍ക്കരണ അനുപാതത്തെക്കാള്‍ കുറവാണിത്. ഈ മേഖലകളില്‍ സൗദിവല്‍ക്കരണത്തിന് പിന്തുണ നല്‍കി സ്വദേശിവല്‍ക്കരണം ഉയര്‍ത്താന്‍ സാധിക്കും.
ടൂറിസം മേഖലയില്‍ ഉയര്‍ന്ന നൈപുണ്യങ്ങള്‍ ആവശ്യമുള്ള തൊഴിലുകളില്‍ സൗദിവല്‍ക്കരണം 50.1 ശതമാനമായിട്ടുണ്ട്. ഉയര്‍ന്ന നൈപുണ്യങ്ങള്‍ ആവശ്യമുള്ള പല തൊഴിലുകളിലും വളരെ ഉയര്‍ന്ന സ്വദേശിവല്‍ക്കരണം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഹ്യൂമന്‍ റിസോഴ്‌സസ് ഓപ്പറേഷന്‍ മാനേജര്‍ തസ്തികയില്‍ സൗദിവല്‍ക്കരണം 100 ശതമാനമാണ്. ഈ തസ്തികകളില്‍ 337 സൗദികള്‍ ജോലി ചെയ്യുന്നു. കസ്റ്റമര്‍ സര്‍വീസ് സ്‌പെഷ്യലിസ്റ്റ് മേഖലയില്‍ സൗദിവല്‍ക്കരണം 99 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഈ മേഖലയില്‍ 390 പേര്‍ ജോലി ചെയ്യുന്നു. അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ തസ്തികയില്‍ സ്വദേശിവല്‍ക്കരണം 91 ശതമാനമാണ്. ഈ മേഖലയില്‍ 468 പേര്‍ ജോലി ചെയ്യുന്നു.
ടൂറിസം മേഖലയില്‍ സൗദി ജീവനക്കാരില്‍ 41.3 ശതമാനം വനിതകളാണ്. ഉയര്‍ന്ന നൈപുണ്യങ്ങള്‍ ആവശ്യമുള്ള ഉന്നത തസ്‌കകളില്‍ ജോലി ചെയ്യുന്ന സ്വദേശികളില്‍ 22 ശതാനവും സൗദി വനിതകളാണെന്നും നാഷണല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി റിപ്പോര്‍ട്ട് പറഞ്ഞു.