ജിദ്ദ – സൗദിയില്‍ കെട്ടിടങ്ങളുടെ മുന്‍വശങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം വിലക്കുന്നു. ഇതുമായി ബന്ധപ്പെട്ട കരടു വ്യവസ്ഥകള്‍ പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ നിര്‍ദേശങ്ങള്‍ക്കായി പബ്ലിക് കണ്സള്ട്ടേഷന് പ്ലാറ്റ്ഫോമില്‍ മന്ത്രാലയം പരസ്യപ്പെടുത്തി. കാറ്റിന്റെ തള്ളലിന് വിധേയമാകാതിരിക്കാന്‍, സോളാര്‍ പാലനലുകളുടെ ഏറ്റവും ഉയര്‍ന്ന പോയിന്റ് കെട്ടിടത്തിന്റെ ടെറസ്സിലെ അരഭിത്തിയുടെ ഉയരം കവിയരുതെന്ന് വ്യവസ്ഥയുണ്ട്. കെട്ടിടത്തിന്റെ സൗന്ദര്യാത്മക രൂപം കണക്കിലെടുത്തായിരിക്കണം സോളാര്‍ പാനലുകള്‍ സ്ഥാപിക്കേണ്ടത്.
കെട്ടിടത്തില്‍ സ്ഥാപിക്കുന്ന സോളാര്‍ പാനലുകളുടെ വൈദ്യുതി ശേഷി 50 കിലോവാട്ടോ അതില്‍ കൂടുതലോ ആണെങ്കില്‍ സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെ അംഗീകാരവും നിര്‍മാണ ലൈസന്‍സും മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിട കാര്യ മന്ത്രാലയം യോഗ്യത കല്പിച്ച എന്‍ജിനീയറിംഗ് ഓഫീസുമായി കരാര്‍ ഒപ്പുവെക്കലും ആവശ്യമാണ്. പാനലുകളുടെ വൈദ്യുതി ശേഷി 50 കിലോവാട്ടില്‍ കുറവാണെങ്കില്‍ ഇത് കെട്ടിടത്തില്‍ സ്ഥാപിക്കാന്‍ പ്രത്യേക ലൈസന്‍സ് നേടേണ്ടതില്ല. ഇന്സ്റ്റലേഷന് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സൗദി ഇലക്ട്രിസിറ്റി കമ്പനിയുമായി ഏകോപനം നടത്തിയാല്‍ മാത്രം മതിയാകും.
പ്രതീക്ഷിക്കുന്ന എല്ലാ ഭാരവും താങ്ങാന്‍ കെട്ടിടത്തിന് സാധിക്കുമെന്ന് ഉറപ്പാക്കുന്നതിന്, സൗരോര്‍ജ സംവിധാനം സ്ഥാപിക്കാനുള്ള ലൈസന്‍സ് നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പായി എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്റ് കെട്ടിടം പരിശോധിക്കണമെന്നും വ്യവസ്ഥയുണ്ട്. സൗരോര്‍ജ സംവിധാനവുമായി ബന്ധപ്പെട്ട വയറുകള്‍ താഴെനിന്ന് കാണാന്‍ കഴിയാത്ത നിലക്കായിരിക്കണം. സൗരോര്‍ജ സംവിധാനത്തിനു സമീപം ചെടികളൊന്നുമില്ലെന്ന് ഉറപ്പുവരുത്തണം.
മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സോളാര്‍ എനര്‍ജി സംവിധാനത്തിന്റെ പാനലുകള്‍, വയറുകള്‍, മറ്റു ഘടകങ്ങള്‍ എന്നിവയില്‍ മറ്റു ഘടങ്ങളൊന്നും കൂടിക്കലരുന്നില്ലെന്ന് ഉറപ്പാക്കണമെന്നും വ്യവസ്ഥയുണ്ട്. സൗരോര്‍ജ സംവിധാനത്തിലെ ഓരോ പത്തു മീറ്ററിനും കുറഞ്ഞത് 900 മില്ലിമീറ്ററില്‍ കുറയാത്ത ഇടനാഴി നല്‍കണം. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുമ്പോള്‍ മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം ഒഴുകുന്നതിന്റെ പാതയും ദിശയും കണക്കിലെടുക്കണം. മേല്‍ക്കൂരയില്‍ വെള്ളം കെട്ടിക്കിടക്കാന്‍ സൗരോര്‍ജ സംവിധാനം ഇടയാക്കാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.