ജിദ്ദ – നീണ്ട 12 വര്‍ഷത്തെ ഇടവേളക്കു ശേഷം സിറിയന്‍ എയറിന്റെ ആദ്യ വിമാനം ഇന്ന് രാവിലെ ഹജ് തീര്‍ഥാടകരുമായി ദമാസ്കസില്‍ നിന്ന് ജിദ്ദ എയര്‍പോര്‍ട്ടിലെത്തി. വിമാനത്തില്‍ 270 ഹജ് തീര്‍ഥാടകരുണ്ടായിരുന്നു. 2012 ല്‍ ആണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിമാന സര്‍വീസുകള്‍ നിലച്ചത്. നിലവില്‍ സൗദി അറേബ്യക്കും സിറിയക്കുമിടയില്‍ ഹജ് സര്‍വീസുകള്‍ നടത്താന്‍ മാത്രമാണ് തീരുമാനമെന്ന് സിറിയന്‍ ഗതാഗത മന്ത്രാലയത്തിലെ മീഡിയ ഓഫീസ് മേധാവി സുലൈമാന്‍ ഖലീല്‍ പറഞ്ഞു. സിറിയയില്‍ നിന്ന് സൗദി നഗരങ്ങളിലേക്ക് റെഗുലര്‍ സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ജനകീയ പ്രക്ഷോഭങ്ങളെ ശക്തമായി അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് 2012 ല്‍ ആണ് സൗദി അറേബ്യയും മറ്റു അറബ് രാജ്യങ്ങളും സിറിയയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സിറിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ആറായിരത്തോളം പേര് കൊല്ലപ്പെട്ടിരുന്നു. ദുരന്തത്തില്‍ പെട്ടവര്‍ക്ക് റിലീഫ് വസ്തുക്കള്‍ എത്തിക്കാന്‍ സൗദി അറേബ്യക്കും സിറിയക്കുമിടയില്‍ വിമാന സര്‍വീസുകള്‍ നടത്തിയിരുന്നു. എന്നാല്‍ ഈ സര്‍വീസുകളില്‍ യാത്രക്കാരെ നീക്കം ചെയ്തിരുന്നില്ല.