റിയാദ്- രാജ്യത്തെ ആദ്യ നിശ്ശബ്ദ വിമാനത്താവളമായി അബഹ അന്താരാഷ്ട്ര വിമാനത്താവളം മാറി. വിമാനം പുറപ്പെടുന്നത് സംബന്ധിച്ചോ യാത്രക്കാര്‍ വിമാനത്തില്‍ എത്താത്തത് സംബന്ധിച്ചോ മറ്റോ അനൗണ്‍സ്‌മെന്റുകളൊന്നും ഈ വിമാനത്താവളത്തില്‍ ഇനി കേള്‍ക്കില്ല. ഷാംഗ്ഹായ്, സൂറിച്ച്, ദുബായ്, ആംസ്റ്റര്‍ഡാം, ലണ്ടന്‍ സിറ്റി വിമാനത്താവളങ്ങളുടെ പട്ടികയിലേക്കാണ് അബഹ വിമാനത്താവളം കാലെടുത്തുവെക്കുന്നതെന്ന് വിമാനത്താവളം ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ അഹമ്മദ് അല്‍ഖഹ്താനി വ്യക്തമാക്കി.
ബഹളങ്ങളും പിരിമുറുക്കങ്ങളുമില്ലാതെ ശാന്തവും സ്വസ്ഥവുമായ യാത്രക്കാണ് ഇതുവഴി അസീര്‍ പ്രവിശ്യ കളമൊരുക്കുന്നത്. ഫ്‌ളൈറ്റ് ഡിസ്‌പ്ലേകളില്‍ വിമാനങ്ങളുടെ സമയക്രമം കൃത്യമായി കാണിക്കും. ബോര്‍ഡിംഗ് സമയത്ത് യാതൊരു വിധത്തിലുള്ള അനൗണ്‍സ്‌മെന്റുകളും ഉണ്ടാകില്ല.
വിമാനങ്ങള്‍ റദ്ദാക്കുക, കാലതാമസം വരിക അടക്കം യാത്രക്കാര്‍ക്ക് പ്രാധാന്യമേറെയുള്ള അടിയന്തര അറിയിപ്പുകള്‍ക്ക് വേണ്ടി അടുത്ത ഏതാനും മാസങ്ങള്‍ അനൗണ്‍സ്‌മെന്റുകള്‍ ഉണ്ടാകും. ഗേറ്റുകള്‍ തുറക്കുന്നതിനും യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിനും മുമ്പ് ബോര്‍ഡിംഗ് ഗേറ്റുകളില്‍ യാത്രവിവരങ്ങള്‍ ഡിസ്‌പ്ലേകളില്‍ തെളിയും.
യാത്ര സംബന്ധിച്ച് അനൗണ്‍സ്‌മെന്റുകള്‍ ഉണ്ടാകില്ലെന്നും നിശ്ശബ്ദ വിമാനത്താവളമായി മാറിയിട്ടുണ്ടെന്നും കാണിക്കുന്ന ബോര്‍ഡുകള്‍ വിമാനത്താവളത്തിന്റെ എല്ലാ ഭാഗത്തും പ്രദര്‍ശിപ്പിക്കും. അദ്ദേഹം പറഞ്ഞു.