ജിദ്ദ – തൊഴില്‍ നിയമ ലംഘനങ്ങളില്‍ സ്വീകരിച്ച ശിക്ഷാ നടപടികള്‍ക്കെതിരായ അപ്പീലുകള്‍ പരിശോധിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രത്യേക കേന്ദ്ര സ്ഥാപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ നിയമാവലിയില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി ഭേദഗതി വരുത്തി. തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ ഒത്തുതീര്‍ക്കാനുള്ള അപേക്ഷകളും സെന്റര്‍ പരിശോധിക്കും.
സെന്റര്‍ പ്രഖ്യാപിക്കുന്ന തീരുമാനങ്ങള്‍ക്കെതിരായ അപ്പീലുകള്‍ പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റി സ്ഥാപിക്കുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രിയുടെ തീരുമാന പ്രകാരം കമ്മിറ്റി അംഗങ്ങളെ നിയമിക്കുമെന്നും തൊഴില്‍ നിയമാവലിയിലെ 38-ാം വകുപ്പില്‍ വരുത്തിയ ഭേദഗതി വ്യക്തമാക്കുന്നു.