മക്ക – മക്ക നിവാസികളായ സ്വദേശികളും വിദേശികളും അനധികൃതമായി ഹജ് നിര്‍വഹിക്കുന്ന പ്രവണത തടയാന്‍ ഏകദിന ഹജ് പാക്കേജ് ആരംഭിക്കുന്ന കാര്യം ഹജ്, ഉംറ മന്ത്രാലയം പഠിക്കുന്നു. ഈ പാക്കേജില്‍ അറഫയിലും മിനായിലും താമസസൗകര്യമുണ്ടാകില്ല. കൂട്ടംചേരല്‍ പോയിന്റുകളില്‍ നിന്ന് അത്യാധുനിക ബസുകളില്‍ തീര്‍ഥാടകരെ അറഫയിലെത്തിക്കുക മാത്രമാണ് ഈ പാക്കേജില്‍ ചെയ്യുക. ഹാജിമാര്‍ക്ക് ലഘുഭക്ഷണവും വെള്ളവും ജ്യൂസുകളും വിതരണം ചെയ്യും. ഇതിനുള്ള പണം മുന്‍കൂട്ടി ഈടാക്കും.
മുന്‍ വര്‍ഷങ്ങളില്‍ ഹജ് നിര്‍വഹിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയും മക്കയിലെ ദേശീയ അഡ്രസ് സ്ഥിരീകരിച്ചും തീര്‍ഥാടകര്‍ക്ക് ഹജ് പെര്‍മിറ്റ് അനുവിക്കും. മക്ക നിവാസികളായ സൗദി പൗരന്മാര്ക്കും നിയമാനുസൃത ഇഖാമയില്‍ മക്കയില്‍ താമസിക്കുന്ന വിദേശികള്‍ക്കുമാണ് ഏകദിന പാക്കേജ് പ്രകാരം ഹജ് നിര്‍വഹിക്കാന്‍ അവസരമൊരുക്കുക. ദുല്‍ഹജ് ഒമ്പതിന് അറഫ ദിനത്തില്‍ ദുഹ്ര്‍ നമസ്കാരാനന്തരമാണ് ഇവരെ അറഫയിലേക്ക് പോകാന്‍ അനുവദിക്കുക. അറഫയില്‍ ഇവര്‍ ബസുകളില്‍ കഴിച്ചുകൂട്ടേണ്ടിവരും. അറഫ സംഗമത്തില്‍ പങ്കെടുത്ത് മുസ്ദലിഫയില്‍ രാപാര്‍ത്ത് ദുല്‍ഹജ് ഒമ്പതിന് അര്‍ധരാത്രിക്കു ശേഷം കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ രാപാര്‍ക്കാന്‍ മക്കയിലെ തങ്ങളുടെ താമസസ്ഥലങ്ങളിലേക്ക് മടങ്ങേണ്ടിവരും. ഏകദിന പാക്കേജില്‍ ഹജ് നിര്‍വഹിക്കുന്ന മക്ക നിവാസികളുടെ ബസുകള്‍ക്ക് പ്രത്യേക ട്രാക്ക് നീക്കിവെക്കും. മിനായില്‍ രാപാര്‍ക്കാന്‍ സൗകര്യം ലഭിക്കാത്ത മക്ക നിവാസികള്‍ക്ക് മക്കയിലെ തങ്ങളുടെ താമസസ്ഥലങ്ങളില്‍ രാപാര്‍ക്കാവുന്നതാണെന്ന് ഏതാനും പണ്ഡിതര്‍ നല്കിയ മതവിധികളുടെ അടിസ്ഥാനത്തിലാണ് ഏകദിന ഹജ് പാക്കേജ് നടപ്പാക്കുന്ന കാര്യം ഹജ്, ഉംറ മന്ത്രാലയം പഠിക്കുന്നത്.
ഹജ്, ഉംറ മന്ത്രാലയത്തിന്റെ പുതിയ നീക്കത്തെ മക്ക നിവാസികള്‍ വ്യാപകമായി സ്വാഗതം ചെയ്തു. നിലവിലെ സാഹചര്യത്തില്‍ ഹജ് നിര്‍വഹിക്കാന്‍ ഭീമമായ പണം ആവശ്യമാണെന്ന് മക്ക നിവാസിയായ സൗദി പൗരന് ത്വലാല്‍ അല്‍സഹ്റാനി പറഞ്ഞു. അഞ്ചും അതിലധികവും അംഗങ്ങളുള്ള പല കുടുംബങ്ങള്‍ക്കും കുടുംബ സമേതം ഹജ് നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തില്‍ ഏകദിന ഹജ് പാക്കേജ് പലര്‍ക്കും നിയമാനുസൃതം ഹജ് നിര്‍വഹിക്കാന്‍ അവസരമൊരുക്കും. ഹജ് ഭംഗിയായി ക്രമീകരിക്കാനും അനധികൃത ഹാജിമാര്‍ പുണ്യസ്ഥലങ്ങളില്‍ നുഴഞ്ഞുകയറുന്നത് തടയാനും പുതിയ പാക്കേജ് സഹായിക്കുമെന്നും ത്വലാല്‍ അല്‍സഹ്റാനി പറഞ്ഞു.
മക്ക നിവാസികളായ സൗദി പൗരന്മാരും വിദേശികളും പെര്‍മിറ്റില്ലാതെ ഹജ് നിര്‍വഹിക്കുന്ന പ്രവണത പൂര്‍ണമായും ഇല്ലാതാക്കാന്‍ കുറഞ്ഞ ചെലവിലുള്ള ഏകദിന ഹജ് പാക്കേജ് സഹായിക്കുമെന്ന് മുഹമ്മദ് ഹാമിദ് പറഞ്ഞു. മക്ക നിവാസികള്‍ നിയമ വിരുദ്ധമായി ഹജ് നിര്‍വഹിക്കുന്ന പ്രവണത ഇപ്പോഴും നിലവിലുണ്ടെന്ന് ഖാലിദ് അല്‍ഹദ്ലി പറഞ്ഞു. നിയമാനുസൃതം ഹജ് നിര്‍വഹിക്കുന്നവര്‍ക്ക് പ്രയാസരഹിതമായും സുഗമമായും ഹജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും പെര്‍മിറ്റില്ലാത്തവരെയും നിയമ ലംഘകരെയും തടയാനും മുഴുവന്‍ വകുപ്പുകളും വലിയ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കുറഞ്ഞ ചെലവില്‍ ഹജ് നിര്‍വഹിക്കാന്‍ മക്ക നിവാസികള്‍ക്ക് അവസരമൊരുക്കുന്നതിലൂടെ ഓരോ വര്‍ഷവും മക്കയില്‍ നിന്ന് പുണ്യസ്ഥലങ്ങളില്‍ നുഴഞ്ഞുകയറി അനധികൃതമായി ഹജ് നിര്‍വഹിക്കുന്ന പ്രവണത ഇല്ലാതാക്കാനാകുമെന്നും ഖാലിദ് അല്‍ഹദ്ലി പറഞ്ഞു.