റിയാദ്- സൗദി അറേബ്യയടക്കമുള്ള ജിസിസി രാജ്യങ്ങളിലേക്ക് സന്ദര്‍ശന വിസയില്‍ ഗള്‍ഫ് എയര്‍ വിമാനത്തിലാണ് ഇന്ത്യയില്‍ നിന്ന് വരുന്നതെങ്കില്‍ തിരിച്ചുളള യാത്രക്കും അതേവിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന നിബന്ധന ഗള്‍ഫ് എയര്‍ പിന്‍വലിച്ചു.
സര്‍ക്കുലര്‍ ഇറക്കി 24 മണിക്കൂറിനുള്ളിലാണ് കമ്പനി നയം തിരുത്തിയത്. ഇന്നലെ വൈകുന്നേരം ഇറക്കിയ പുതിയ സര്‍ക്കുലറില്‍ റിട്ടേണ്‍ ടിക്കറ്റ് മറ്റു വിമാനകമ്പനികളില്‍ നിന്നെടുത്താല്‍ അതിന്റെ ആധികാരികത വിമാനത്താവളത്തില്‍ വിശദമായി പരിശോധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഗള്‍ഫ് എയര്‍ വിമാനത്തില്‍ ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ മറ്റു എയര്‍ലൈനുകളിലാണ് തിരിച്ചുള്ള യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നതെങ്കില്‍ ആ ബുക്കിംഗ് വിശദമായി പരിശോധിക്കും.
അത് ആധികാരികമായിരിക്കണമെന്നും താത്കാലിക ബുക്കിംഗ് ആയിരിക്കരുതെന്നും റീഫണ്ട് ചെയ്യരുതെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നു. ആധികാരികമല്ലാത്ത ടിക്കറ്റില്‍ പലരും യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത്തരം യാത്രകള്‍ എയര്‍ലൈനിനും യാത്രക്കാര്‍ക്കും വരുമാനനഷ്ടമുണ്ടാക്കും. അതിനാലാണ് മറ്റു വിമാനങ്ങളുടെ റിട്ടേണ്‍ ടിക്കറ്റ് വിശദമായി പരിശോധിക്കുന്നത്. കമ്പനി വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്ന് സന്ദര്‍ശന വിസയില്‍ ഗള്‍ഫ് എയര്‍ വിമാനത്തിലാണ് വരുന്നതെങ്കില്‍ റിട്ടേണ്‍ ടിക്കറ്റും ഗള്‍ഫ് എയറില്‍ നിന്ന് തന്നെയെടുക്കണമെന്നും അല്ലെങ്കില്‍ ബോര്‍ഡിംഗ് പാസ് നല്‍കില്ലെന്നും സര്‍ക്കുലര്‍ മുഖേനെ ഇന്നലെ എല്ലാ ഏജന്‍സികളെയും കമ്പനി അറിയിച്ചിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ചിലര്‍ ഗള്‍ഫ് എയര്‍ ബഹിഷ്‌കരിക്കണമെന്ന് വരെ ആവശ്യപ്പെട്ടു. ഇതിനിടയിലാണ് പുതിയ സര്‍ക്കുലറുമായി കമ്പനിയെത്തിയത്.