ജിദ്ദ – കാറ്റില്‍ നിന്ന് കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതില്‍ സൗദി അറേബ്യ പുതിയ ലോക റെക്കോര്‍ഡുകള്‍ സ്ഥാപിച്ചതായി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വെളിപ്പെടുത്തി. അല്‍ഗാത്ത് കാറ്റാടി വൈദ്യുതി പദ്ധതിയില്‍ ഒരു യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ചെലവ് 1.56558 അമേരിക്കന്‍ സെന്റ് (5.87094 ഹലല) ആണ്. വഅദ് അല്‍ശിമാല്‍ പുനരുപയോഗ ഊര്‍ജ പദ്ധതി ഈ മേഖലയില്‍ രണ്ടാമത്തെ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. വഅദ് അല്‍ശിമാല്‍ പദ്ധതിയില്‍ ഒരു യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ചെലവ് 1.70187 അമേരിക്കന്‍ സെന്റ് (6.38201 ഹലല) ആണ്. 2,57,000 പാര്‍പ്പിട യൂനിറ്റുകളുടെ ഉപയോഗത്തിന് മതിതായി വൈദ്യുതി ഇരു പദ്ധതികളിലും ഒരു വര്‍ഷം ഉല്‍പാദിപ്പിക്കുന്നു.
സൗദിയില്‍ ഊര്‍ജോപഭോഗ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതില്‍ ഈ പദ്ധതികള്‍ കൈവരിച്ച വലിയ വിജയമാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഊര്‍ജ മന്ത്രി പറഞ്ഞു. പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ദേശീയ പുനരുപയോഗ ഊര്‍ജ പ്രോഗ്രാം ലക്ഷ്യങ്ങളുടെ ഭാഗമായാണ് അല്‍ഗാത്ത്, വഅദ് അല്‍ശിമാല്‍ പദ്ധതികള്‍ നടപ്പാക്കിയത്. 2030 ഓടെ രാജ്യത്തിന് ആവശ്യമായ വൈദ്യുതിയുടെ 50 ശതമാനം പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കാനും വൈദ്യുതി ഉല്‍പാദനത്തിന് ദ്രവീകൃത ഇന്ധനം ഉപയോഗിക്കുന്നത് കുറക്കാനുമാണ് ശ്രമമെന്നും അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. അല്‍ഗാത്ത് പദ്ധതിയുടെ ശേഷി 600 മെഗാവാട്ടും വഅദ് അല്‍ശിമാല്‍ പദ്ധതിയുടെ ഉല്‍പാദന ശേഷി 500 മെഗാവാട്ടുമാണ്. ദേശീയ പുനരുപയോഗ ഊര്‍ജ പ്രോഗ്രാമിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായി അല്‍ഗാത്ത്, വഅദ് അല്‍ശിമാല്‍ പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി വാങ്ങാന്‍ സൗദി പവര്‍ പ്രോക്യുര്‍മെന്റ് കമ്പനിയും ജപ്പാനിലെ മറൂബെനി കമ്പനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യവും തമ്മില്‍ ജപ്പാനില്‍ സൗദി, ജപ്പാന്‍ വിഷന്‍ 2030 ഫോറത്തിനിടെ സൗദി ഊര്‍ജ മന്ത്രിയുടെ സാന്നിധ്യത്തില്‍ രണ്ടു കരാറുകള്‍ ഒപ്പുവെച്ചു.