ഒരു തൊഴിലാളി ഫൈനൽ എക്സിറ്റിൽ സൗദിയിൽ നിന്ന് പുറത്ത് പോകുമ്പോൾ തൊഴിലാളിയുടെ ഇഖാമ എന്ത് ചെയ്യണം എന്ന സംശയത്തിന് ജവാസാത്ത് മറുപടി നൽകി.
തന്റെ ഒരു ജോലിക്കാരി ഫൈനൽ എക്സിറ്റിൽ സൗദിയിൽ നിന്ന് പുറത്ത് പോകുകയാണെന്നും ആ സമയം ഇഖാമ അവളുടെ കയ്യിലാണോ അതോ എന്റെ കയ്യിലാണോ വെക്കേണ്ടത് എന്ന ഒരു സൗദി പൌരന്റെ ചോദ്യത്തിനായിരുന്നു ജവാസാത്ത് മറുപടി നൽകിയത്.
“ഇഖാമ ഒരു തൊഴിലുടമയുടെ ഉത്തരവാദിത്വത്തിൽ പെട്ട കാര്യമാണ്. തൊഴിലാളി എക്സിറ്റിൽ പോകുമ്പോൾ ഒന്നുകിൽ ഇഖാമ ജവാസാത്ത് ഓഫീസിൽ ഏല്പിക്കുക, അല്ലെങ്കിൽ ഇഖാമ നശിപ്പിക്കുക” – എന്നാണ് ജവാസാത്ത് പ്രതികരിച്ചത്.
എക്സിറ്റ് പോകുമ്പോൾ ഇഖാമ എയർപോർട്ടിൽ ഏൽപ്പിക്കണമെന്ന ധാരണ പല പ്രവാസികളും വെച്ച് പുലർത്തുന്നുണ്ട്. എന്നാൽ ആ ധാരണ തെറ്റാണെന്ന് കൂടി ജവാസാത്ത് മറുപടിയിൽ നിന്ന് വ്യക്തമാകുന്നു.