റിയാദ്- ഈ വര്‍ഷത്തെ ഹജ് സീസണില്‍ ‘പറക്കും ടാക്‌സി’കളും ഡ്രോണുകളുമായി ഹാജിമാര്‍ക്ക് ഗതാഗത മേഖലയില്‍ പുതിയ അനുഭവം ഒരുക്കുമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി എഞ്ചിനീയര്‍ സാലിഹ് ബിന്‍ നാസര്‍ അല്‍ജാസര്‍ വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ പറക്കും ടാക്‌സി രംഗത്ത് സൗദിയില്‍ വന്‍കിട കമ്പനികള്‍ക്കിടയില്‍ മത്സരം മുറുകുമെന്നും ഗതാഗത മേഖലയില്‍ ആധുനിക രീതികള്‍ കൂടുതല്‍ പരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
പറക്കും ടാക്‌സി സാങ്കേതിക വിദ്യകളെ കുറിച്ചും അവയുടെ പരിസ്ഥിതി അനുയോജ്യതയെകുറിച്ചും ഹജ് സീസണിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദമായി പഠിക്കും. ശേഷം മറ്റു സീസണുകളിലും ഇവ ഉപയോഗപ്പെടുത്തും. കര, കടല്‍, വായു യാത്രക്ക് ഹാജിമാര്‍ക്ക് എല്ലാ വിധ സൗകര്യങ്ങളും സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഹാജിമാര്‍ സൗദിയിലെത്തി തിരിച്ചുപോകുന്നത് വരെ ഗതാഗത രംഗത്ത് അവരെ സേവിക്കാന്‍ 38000ത്തിലധികം ഉദ്യോഗസ്ഥരുണ്ടായിരുന്നു. ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഹാജിമാര്‍ക്ക് ഒരുക്കുകയെന്നും മന്ത്രി പറഞ്ഞു.
ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് മക്കയിലേക്കാണ് പറക്കും ടാക്‌സികള്‍ പറക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിന് സിവില്‍ ഏവിയേഷന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്.