ജിദ്ദ – പെര്‍മിറ്റ് നേടാതെ ഹജിന് പോകുന്നത് മതപരമായി അനുവദനീയമല്ലെന്ന് ഉന്നത പണ്ഡിതസഭ പറഞ്ഞു. പെര്‍മിറ്റില്ലാതെ ഹജിന് പോകുന്നവര്‍ പാപമാണ് ചെയ്യുന്നത്. ഹജ് പെര്‍മിറ്റ് നേടുന്നതും വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ പെര്‍മിറ്റ് നേടാന്‍ കാണിക്കുന്ന പ്രതിബദ്ധതയും ശരീഅത്ത് നിയമം ആവശ്യപ്പെടുന്ന താല്പര്യവുമായി പൊരുത്തപ്പെടുന്നു. പൊതുതാല്പര്യങ്ങള് മെച്ചപ്പെടുത്താനും വര്‍ധിപ്പിക്കാനും ദോഷം തടയാനും കുറക്കാനുമാണ് ശരീഅത്ത് ലക്ഷ്യമിടുന്നത്. പെര്‍മിറ്റ് നേടാതെ ഹജ് നിര്‍വഹിക്കുന്നത് വലിയ വെല്ലുവിളികളും അപകടങ്ങളും സൃഷ്ടിക്കുന്നതായി ഹജ്, ഉംറ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ഹറംകാര്യ വകുപ്പും അറിയിച്ചിട്ടുണ്ട്. ഹജ് പെര്‍മിറ്റ് നേടാനുള്ള ബാധ്യത, ദൈവീക ദാസന്മാര്ക്ക് അവരുടെ ആരാധനകളും അനുഷ്ഠാനങ്ങളും എളുപ്പത്തില്‍ നിര്‍വഹിക്കാനും അവരില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ നീക്കാനും ഇസ്ലാമിക ശരീഅത്ത് അനുശാസിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. വലിയ ജനക്കൂട്ടത്തെ സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ഹജ് കര്‍മം നിര്‍വഹിക്കാന്‍ പ്രാപ്തരാക്കുന്ന വിധത്തില്‍ തീര്‍ഥാടകരുടെ എണ്ണം നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഹജ് പെര്‍മിറ്റ് വ്യവസ്ഥ ബാധകമാക്കിയത്. ഇത് ശരീഅത്ത് തെളിവുകളും നിയമങ്ങളും അനുസരിച്ച് നിര്‍ണയിക്കപ്പെടുന്ന സാധുവും നിയമപരവുമായ ലക്ഷ്യമാണ്. പെര്‍മിറ്റ് നേടുന്നവരുടെ എണ്ണത്തിനനുസരിച്ച് ഹജ് സംഘാടന ചുമതലയുള്ള ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ സുരക്ഷ, ആരോഗ്യം, താമസം, ഭക്ഷണം, മറ്റു സേവനങ്ങള്‍ എന്നിവ ഒരുക്കാനുള്ള പദ്ധതികള്‍ തയാറാക്കുന്നു. പെര്‍മിറ്റ് നേടിയവരുടെയും ഹാജിമാരുടെയും എണ്ണം പൊരുത്തപ്പെടുന്നത് തീര്‍ഥാടകര്‍ക്ക് നല്കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ സഹായിക്കും. സഞ്ചാരത്തിനും ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന തിക്കും തിരക്കും കുറക്കാനും ഇത് സഹായിക്കും. പെര്‍മിറ്റ് നേടാതെ ഹജ് നിര്‍വഹിക്കുന്നത് ഹാജിമാരുടെ ആരോഗ്യ, സുരക്ഷയെ ബാധിക്കും. പെര്‍മിറ്റില്ലാതെ ഹജ് നിര്വഹിക്കുന്നന്റെ ഭവിഷ്യത്തുകള്‍ ആ തീര്‍ഥാടകനെ മാത്രമല്ല, നിയമം പൂര്‍ണമായും പാലിക്കുന്ന മറ്റു തീര്‍ഥാടകരെയും ബാധിക്കുന്നു. പൊതുതാല്പര്യം മുന്‍നിര്‍ത്തിയാണ് ഭക്ഷണാധികാരികള് ഹജ് പെര്‍മിറ്റ് നിര്‍ബന്ധമാക്കിയത്. ഇത് പാലിക്കാതിരിക്കുന്നതിലൂടെ ഭരണാധികാരിയുടെ ഉത്തരവ് ലംഘിക്കുകയാണ് ചെയ്യുന്നത്. ഇങ്ങിനെ ചെയ്യുന്നവര്‍ പാപികളാണ്. സുരക്ഷിതമായും എളുപ്പത്തിലും സമാധാനത്തോടെയും ഹജ് നിര്‍വഹിക്കാന്‍ സാധിക്കുന്നതിന് അധികൃതര്‍ പ്രഖ്യാപിച്ച നിയമ, നിര്‍ദേശങ്ങള്‍ ഹാജിമാര്‍ കൃത്യമായി പാലിക്കണമെന്ന് ഉന്നത പണ്ഡിതസഭ പ്രസ്താവനയില്‍ പറഞ്ഞു.