റിയാദ് – ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഹംബര്‍ഗിനിയുടെ റിയാദിലെ മുഴുവന്‍ ശാഖകളും നഗരസഭ അടപ്പിച്ചു. ഹംബര്‍ഗിനിയുടെ ഒരു ശാഖയില്‍ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ഈ ശാഖയാണ് ആദ്യം അടപ്പിച്ചത്. വൈകാതെ കമ്പനിക്കു കീഴില്‍ റിയാദിലുള്ള മുഴുവന്‍ ശാഖകളും ഇവിടങ്ങളിലേക്ക് ആവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കുന്ന മെയിന്‍ സെന്ററും അടപ്പിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയേറ്റ് 35 പേര് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി പറഞ്ഞു. ഇക്കൂട്ടത്തില്‍ 28 പേര് തീവ്രപരിചരണ വിഭാഗങ്ങളിലാണ്. രണ്ടു പേര് ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടതായും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. തുടക്കത്തില്‍ 15 പേരാണ് ഭക്ഷ്യവിഷബാധാ ലക്ഷണങ്ങളുമായി ആശുപത്രികളിലെത്തിയത്. വൈകാതെ കൂടുതല്‍ പേര് ചികിത്സ തേടി ആശുപത്രികളിലെത്തുകയായിരുന്നു. ഹംബര്‍ഗിനി റെസ്റ്റോറന്റുകള്‍ സൗദി പൗരന് നവാഫ് അല്ഫൗസാന്റെ ഉടമസ്ഥതയിലുള്ളതാണ്. ക്യാപ്.ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് റിയാദ് നഗരസഭ അടപ്പിച്ച ഹംബര്‍ഗിനി റെസ്റ്റോറന്റ് ശാഖകളില്‍ ഒന്ന്.