ജിദ്ദ – ദുല്‍ഹജ് ഏഴു വരെ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ലോകത്തെ ഏതു രാജ്യങ്ങളില്‍ നിന്നും ഏതിനം വിസകളിലും സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാന്‍ സാധിക്കും. പേഴ്‌സണല്‍ വിസിറ്റ് വിസ, ഫാമിലി വിസിറ്റ് വിസ, ട്രാന്‍സിറ്റ് വിസ, തൊഴില്‍ വിസ, ഇ-വിസ അടക്കം ഏതു വിസകളിലും സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പെര്‍മിറ്റ് നേടി ഉംറ കര്‍മം നിര്‍വഹിക്കാന്‍ കഴിയും. എളുപ്പത്തിലും പ്രയാസരഹിതമായും ഉംറ കര്‍മം നിര്‍വഹിക്കാന്‍ സാധിക്കുന്നതിന് നുസുക് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉംറ പെര്‍മിറ്റ് നേടണം. പെര്‍മിറ്റില്‍ നിര്‍ണയിച്ച തീയതിയും സമയവും തീര്‍ഥാടകര്‍ കൃത്യമായി പാലിക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.