അബൂദബി: യു.എ.ഇയില്‍ വാഹന, വസ്തു ഇന്‍ഷുറന്‍സ് നിരക്കുകള്‍ വന്‍തോതില്‍ ഉയരുമെന്ന് റിപ്പോര്‍ട്ട്. യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി വാഹനങ്ങളും വീടുകളും മറ്റും വെള്ളംകയറി നശിച്ചതോടെ വന്‍തോതില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ഉണ്ടാവുമെന്നതിനാലാണ് ഇത്തരമൊരു സാഹചര്യം വന്നുചേര്‍ന്നിരിക്കുന്നത്.
റോഡുകളിലും വീടുകളിലുമൊക്കെ വെള്ളം പൊങ്ങിയതോടെ നൂറുകണക്കിന് വാഹനങ്ങളാണ് ഉപേക്ഷിക്കപ്പെട്ടത്. ഏതാനും വര്‍ഷങ്ങളായി ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ ഉന്നയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ 50 ശതമാനം നിരക്ക് വര്‍ധിപ്പിച്ചിരുന്നു.
ഇതിനു പുറമെയാണ് പ്രകൃതി ദുരന്തംകൂടി സംഭവിച്ചിരിക്കുന്നത്. ക്ലെയിമുകള്‍ നല്‍കേണ്ടി വരുന്നതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നഷ്ടം സംഭവിക്കുന്നതിനൊപ്പം പുതുതായി നിരവധി പേര്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതിന് മുന്നോട്ടുവരുമെന്ന സാഹചര്യവും നിലവിലുണ്ടെന്നാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ വ്യക്തമാക്കുന്നത്. ക്ലെയിം ആവശ്യപ്പെടുന്നവരുടെ എണ്ണത്തില്‍ 400 ശതമാനംവരെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
വെള്ളംകയറി നാശമായ വാഹനങ്ങളില്‍ മിക്കതിനും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സാണ് എന്നതിനാല്‍ നഷ്ടപരിഹാരത്തുക ലഭിക്കില്ലെന്ന വസ്തുതയും നിലനില്‍ക്കുകയാണ്.
ഇതു മറികടക്കാനായി കൂടുതല്‍ പേര്‍ ഫുള്‍കവര്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ രംഗത്തുവരുമെന്ന സാധ്യതയുമുണ്ട്.