മദീന – മദീന റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മസ്ജിദുന്നബവിയിലേക്കും തിരിച്ചുമുള്ള ബസ് ഷട്ടില്‍ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചതായി മദീന വികസന അതോറിറ്റി അറിയിച്ചു. ട്രെയിന്‍ സമയങ്ങള്‍ക്കനുസൃതമായി ദിവസേന രാവിലെ ഏഴു മുതല്‍ രാത്രി 11 വരെയായാണ് ബസ് ഷട്ടില്‍ സര്‍വീസുകളുള്ളത്.
ഇതോടൊപ്പം ഏപ്രില്‍ മധ്യം മുതല്‍ ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയില്‍ രണ്ടു സര്‍വീസുകള്‍ പുതുതായി ആരംഭിച്ചിട്ടുമുണ്ട്. മദീനയില്‍ നിന്ന് രാവിലെ ആറിന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലേക്കും രാവിലെ 7.30 ന് ജിദ്ദ സുലൈമാനിയ സ്റ്റേഷന്‍ വഴി മക്കയിലേക്കുമായി രണ്ടു പുതിയ സര്‍വീസുകളാണ് ആരംഭിച്ചത്. മക്കക്കും മദീനക്കുമിടയില്‍ യാത്രക്കാരില്‍ നിന്ന് വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് സര്‍വീസുകളുടെ എണ്ണം ഉയര്‍ത്തിയത്.
മക്ക, മദീന, ജിദ്ദ, റാബിഗ് നഗരങ്ങളെ ബന്ധിപ്പിച്ച് എളുപ്പവും വേഗതയേറിയതും സുരക്ഷിതവുമായ ഗതാഗത സംവിധാനമാണ് ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ വാഗ്ദാനം ചെയ്യുന്നത്. മക്കയിലും മദീനയിലും റാബിഗിലും ഓരോ സ്റ്റേഷന്‍ വീതവും ജിദ്ദയില്‍ എയര്‍പോര്‍ട്ടിലും സുലൈമാനിയയിലുമായി രണ്ടു സ്റ്റേഷനുകളുമാണ് പദ്ധതിയിലുള്ളത്. ഈ പാതയില്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ വേഗതയുള്ള 35 ഇലക്ട്രിക് ട്രെയിനുകള്‍ സര്‍വീസിന് ഉപയോഗിക്കുന്നു. ഓരോ ട്രെയിനിലും ബിസിനസ്, ഇക്കോണമി ക്ലാസുകളില്‍ ആകെ 417 സീറ്റുകള്‍ വീതമാണുള്ളത്.