റിയാദ്: സൗദിയിലെ ചരിത്ര പുരാതന കെട്ടിടങ്ങളും സ്ഥലങ്ങളും സംരക്ഷിക്കാൻ ഇൻഷുറൻസ് ചെയ്യാൻ ഉടമകളോട് ആവശ്യപ്പെട്ട് സംസ്കാരിക മന്ത്രാലയം. ചരിത്രപരമായ കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും ഉടമകൾക്ക് സൗദി ഇൻഷുറൻസ് അതോറിറ്റി മുഖേന കേടുപാടുകളിൽനിന്ന് സംരക്ഷിക്കാൻ അവ ഇൻഷൂർ ചെയ്യാമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ കലാസൃഷ്ടികളുടെയും ചരിത്രാതീത കെട്ടിടങ്ങളുടെയും ഉടമകൾക്ക് ഇൻഷൂർ ചെയ്യാൻ പ്രാപ്തമാക്കുന്ന പുതിയൊരു പദ്ധതി ആരംഭിച്ചതായി സാംസ്കാരിക മന്ത്രി അമീർ ബന്ദർ ബിൻ ഫർഹാൻ പറഞ്ഞു.
സാംസ്കാരിക മന്ത്രാലയത്തിന്റെയും ഇൻഷുറൻസ് അതോറിറ്റിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സാംസ്കാരിക ആസ്തികൾ സംരക്ഷിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിത്. അതോടൊപ്പം സൗദിയുടെ മൂർത്തമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതുമാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.