ദുബൈ: മഴക്കെടുതിയെതുടർന്ന് ദുബൈ വിമാനത്താവളം രണ്ടുദിവസത്തിനിടെ 1,244 വിമാനങ്ങൾ റദ്ദാക്കിയെന്ന് അധികൃതർ അറിയിച്ചു. 61 വിമാനങ്ങൾ സമീപത്തെ വിവിധ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയുംചെയ്തു. അവതാളത്തിലായ ദുബൈ വിമാനത്താവളം വെള്ളിയാഴ്ചയോടെ പൂർവസ്ഥിതിയിലേക്ക് മടങ്ങും. വ്യാഴാഴ്ച വൈകീട്ടോടെ 70 ശതമാനം സർവിസുകൾ പുനരാരംഭിച്ചതായാണ് വിവരം. രാവിലെമുതൽ ടെർമിനൽ ഒന്നിലും മൂന്നിലും സർവിസുകൾ പുനരാരംഭിച്ചിരുന്നു. പിന്നീട് ടെർമിനൽ രണ്ടിൽനിന്ന് സർവിസ് പുനരാരംഭിച്ചതായി ഫ്ലൈദുബൈയും അറിയിച്ചിട്ടുണ്ട്.
ദുബൈ വിമാനത്താവളം രണ്ട്, മൂന്ന് ടെർമിനലുകളിൽ നിന്നാണ് ഫ്ലൈദുബൈ സർവിസ് നടത്തുന്നത്. അതേസമയം, ചില വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. റദ്ദായ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് റീഫണ്ട് അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറിനകം പ്രവർത്തനം പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് എയർപോർട്ട് സി.ഒ.ഒ മാജിദ് അൽ ജോഖർ പറഞ്ഞു. വിമാനത്താവള കെട്ടിടങ്ങളെയോ സംവിധാനങ്ങളെയോ കനത്ത മഴ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
ദുബൈ വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിൽ വ്യാഴാഴ്ച വിമാനങ്ങൾ ഇറങ്ങിത്തുടങ്ങി. ടെർമിനൽ മൂന്നിൽ ചെക്ക് ഇൻ നടപടികൾ എമിറേറ്റ്സും ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കാൻ കൺഫേംഡ് ടിക്കറ്റ് കൈവശമുള്ളവർ മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഷാർജ വിമാനത്താവളത്തിൽനിന്ന് എയർ അറേബ്യ വിമാനങ്ങൾ വ്യാഴാഴ്ച പുലർച്ച നാല് മുതൽ സർവിസ് പുനരാരംഭിച്ചു. ദുബൈ മെട്രോ ഭാഗികമായി സർവിസ് പുനരാരംഭിച്ചു.