ജിദ്ദ – തൊഴിലുടമയുടെ അടുത്ത് ജോലിയില്ലാതെ വിദേശ തൊഴിലാളികളെ പുതിയ വിസയില്‍ റിക്രൂട്ട് ചെയ്തു കൊണ്ടുവന്ന് ജോലിക്കായി പുറത്തുവിടുന്നത് കുറ്റകരമാക്കുന്ന നിയമം സൗദിയില്‍ നടപ്പാക്കുന്നു. ഇഖാമ, തൊഴില്‍ നിയമ ലംഘകരായെ തൊഴിലാളികളുടെ സേവനങ്ങള്‍ വിപണനം ചെയ്യുന്ന (അനധികൃത തൊഴിലാളി കൈമാറ്റം) മേഖലയില്‍ സ്വദേശികളും വിദേശികളും പ്രവര്‍ത്തിക്കുന്നതും ഇതോടൊപ്പം കുറ്റകരമാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കരടു നിയമം പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ പരസ്യപ്പെടുത്തി. തൊഴില്‍ നിയമത്തില്‍ ഏതാനും വകുപ്പുകള്‍ പുതുതായി ഉള്‍പ്പെടുത്തുകയാണ് കരടു നിയമം ചെയ്യുന്നത്. തങ്ങളുടെ പക്കല്‍ ജോലിയില്ലാതെ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും രണ്ടു ലക്ഷം റിയാല്‍ മുതല്‍ പത്തു ലക്ഷം റിയാല്‍ വരെ പിഴ ചുമത്താന്‍ പുതിയ വകുപ്പ് അനുശാസിക്കുന്നു. ഇങ്ങിനെ അനാവശ്യമായി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് വിദേശിയാണെങ്കില്‍ അവരെ പിഴ ഈടാക്കി സൗദിയില്‍ നിന്ന് നാടുകടത്തുകയും ചെയ്യും. ഇഖാമ, തൊഴില്‍ നിയമ ലംഘകരെ കൈമാറ്റം ചെയ്യുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതേ കുറിച്ച് പരസ്യം ചെയ്യുന്നവര്‍ക്കും രണ്ടു ലക്ഷം റിയാല്‍ മുതല്‍ അഞ്ചു ലക്ഷം റിയാല്‍ വരെ പിഴയാണ് പുതിയ കരടു നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. അനധികൃത തൊഴിലാളി കൈമാറ്റ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളെ പിഴ ഈടാക്കി സൗദിയില്‍ നിന്ന് നാടുകടത്തും. കുറ്റകൃത്യത്തിന്റെ പ്രത്യാഘാതങ്ങളുടെ അടിസ്ഥാനത്തിലാണ് കുറ്റക്കാര്‍ക്കുള്ള പിഴകള്‍ നിര്‍ണയിക്കുക. അനാവശ്യമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നവരെയും അനധികൃതമായി തൊഴിലാളി കൈമാറ്റ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ പിടികൂടി കോടതിയില്‍ വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് ചെയ്യുക. കരടു നിയമത്തില്‍ അഭിപ്രായ, നിര്‍ദേശങ്ങള്‍ പ്രകടിപ്പിക്കാനുള്ള സാവകാശം രണ്ടു ദിവസത്തിനുള്ളില്‍ അവസാനിക്കും.