അൽഖോബാർ: സൗദിയുടെ വടക്കൻ അതിർത്തിയോടു ചേർന്ന് സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ അൽ-ദുവൈദ് മസ്ജിദ് സഞ്ചാരികളെ ആകർഷിക്കുന്നു. അൽ-ഉവൈഖില ഗവർണറേറ്റിൽനിന്ന് 20 കിലോമീറ്റർ കിഴക്കായി അൽ-ദുവൈദ് എന്ന പുരാവസ്തു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പള്ളിക്ക് 137.5 ചതുരശ്രമീറ്റർ വിസ്തീർണമുണ്ട് . ഏഴ് പതിറ്റാണ്ട് മുമ്പ് സ്ഥാപിതമായ മസ്ജിദിന്റെ വാസ്തുവിദ്യ കളിമൺ നിർമാണ സാങ്കേതികതകൾ ഉൾക്കൊള്ളുന്ന നജ്ദി ശൈലിയാൽ സമ്പന്നമാണ്. പ്രാദേശിക പരിസ്ഥിതിയെയും ചൂടുള്ള മരുഭൂമിയിലെ കാലാവസ്ഥയെയും നേരിടാൻ പ്രകൃതിദത്ത വസ്തുക്കക്കൾ ഉപയോഗിച്ചാണ് പള്ളി നിർമിച്ചിരിക്കുന്നത്. മസ്ജിദ് ഭിത്തികളുടെ തെക്ക് ഭാഗത്ത് ചെറിയ ജാലകങ്ങളുണ്ട്. തണുപ്പ് കുറക്കാൻ സൂര്യപ്രകാശവും ചൂടും കടക്കുന്നതിനും. ശൈത്യകാലത്ത് ചൂട് നിലനിർത്തുന്നതിനും പ്രത്യേക രീതിയിലാണ് നിർമാണം.
നിരവധി ജലസ്രോതസ്സുകളുള്ള ഏറ്റവും പഴയ ഗ്രാമങ്ങളിൽ ഒന്നാണ് അൽ-ദുവൈദ്. ഇവിടെയുള്ള 200 ഓളം കിണറുകൾ മുൻകാലങ്ങളിൽ പ്രദേശവാസികൾക്ക് കുടിവെള്ളത്തിന് നിർണായകമായിരുന്നു. ഈ ഗ്രാമം ഒരിക്കൽ നജ്ദ്, ഇറാഖ്, ലെവന്റ് എന്നിവിടങ്ങളിൽനിന്നുള്ള വ്യാപാരികളുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു. രാജ്യത്തിലെ ഏറ്റവും പഴയ സിവിൽ വിമാനത്താവളങ്ങളിൽ ഒന്ന് ഈ ഗ്രാമത്തിലാണ്. അതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ദൃശ്യമാണ്. പള്ളി സന്ദർശിടക്കാനും ഗ്രാമീണ ജീവിതം ആസ്വദിക്കാനും സ്വദേശികളും വിദേശികളും ധാരാളമായി എത്തിത്തുടങ്ങിയിട്ടുണ്ട്.