മക്ക – വിശുദ്ധ ഹറമില്‍ നിയോഗിക്കപ്പെട്ടിരുന്ന സുരക്ഷാ സൈനികര്‍ ഉംറ സീസണ് അവസാനിച്ചതോടെ ആഹ്ലാദത്തോടെ സ്വന്തം ക്യാമ്പുകളിലേക്കും വകുപ്പുകളിലേക്കും മടങ്ങി. തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്കുന്ന കാര്യത്തില്‍ തങ്ങളുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഹറമില്‍ നിന്ന് സുരക്ഷാ സൈനികര്‍ മടങ്ങിയത്. ആഹ്ലാദം പ്രകടിപ്പിച്ച് സുരക്ഷാ സൈനികര്‍ കൂട്ടത്തോടെ ഹറമില്‍ നിന്ന് മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തവണത്തെ ഉംറ സീസണ് വലിയ വിജയമായിരുന്നെന്ന് ഹജ്, ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മക്ക – വിശുദ്ധ റമദാനില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മൂന്നു കോടിയിലേറെ പേര് ഉംറ കര്‍മം നിര്‍വഹിച്ചതായി സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നതായി ഹറംകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് ബാസ്വമദ് പറഞ്ഞു. വിവിധ വകുപ്പുകള്‍ പ്രതീക്ഷക്കും അപ്പുറമുള്ള സേവനങ്ങളാണ് നല്‍കിയത്. തീര്‍ഥാടകരെ സേവിക്കാന്‍ പ്രതീക്ഷകള്‍ക്കും അപ്പുറമുള്ള കഠിന പ്രയത്നം ഹറംകാര്യ വകുപ്പ് നടത്തുന്നതായും ഡോ. വലീദ് ബാസ്വമദ് പറഞ്ഞു.