റിയാദ്: സൗദി അറേബ്യയിൽ ട്രാഫിക് പിഴകൾക്ക് വലിയ തോതിൽ ഇളവ് പ്രഖ്യാപിച്ചു. ഈ വർഷം ഏപ്രിൽ 18 വരെയുള്ള പിഴകൾക്ക് 50 ശതമാനവും അതിനുശേഷം രേഖപ്പെടുത്തുന്ന പിഴകൾക്ക് 25 ശതമാനവുമാണ് ഇളവ് അനുവദിക്കുക. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ഉത്തരവ് പ്രകാരം ആഭ്യന്തര മന്ത്രാലയമാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ധനകാര്യമന്ത്രാലയവും സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. നിലവിലെ പിഴകളെല്ലാം ആറ് മാസത്തിനുള്ളിൽ അടച്ചു തീർക്കണം. ഓരോ പിഴകളും വെവ്വേറെയായോ അല്ലെങ്കിൽ ഒന്നിച്ചോ അടക്കാം.
എന്നാൽ പൊതുസുരക്ഷയെ ബാധിക്കുന്ന കേസുകളിൽ ചുമത്തിയ പിഴകൾക്ക് ഈ ആനുകൂല്യം ബാധകമാകില്ല. പൊതുസുരക്ഷയെ ബാധിക്കുന്ന നാലു തരം ട്രാഫിക് പിഴകളെയാണ് ആനുകൂല്യത്തില്‍നിന്ന് ഒഴിവാക്കിയതെന്ന് ട്രാഫിക് വിഭാഗം വക്താവ് ട്രാഫിക് മന്‍സൂര്‍ അല്‍ശുക്റ അറിയിച്ചു. റോഡുകളില്‍ വാഹനാഭ്യാസം നടത്തല്‍, മയക്കുമരുന്ന് അടക്കം നിരോധിത വസ്തുക്കള്‍ ഉപയോഗിച്ച ശേഷം വാഹനമോടിക്കല്‍, മണിക്കൂറില്‍ 120 കി.മീറ്റര്‍ വേഗപരിധി നിശ്ചയിച്ച റോഡില്‍ 50 കി.മീറ്ററിനപ്പുറം അധിക വേഗത്തില്‍ വാഹനമോടിക്കല്‍, 140 കി.മീറ്റര്‍ നിശ്ചയിച്ച റോഡില്‍ 30 കി.മീറ്റര്‍ അധികവേഗത്തില്‍ വാഹനമോടിക്കല്‍ എന്നിവയാണത്. അതേസമയം ട്രാഫിക് പിഴ അടച്ചില്ലെങ്കിൽ ഇനി മുതൽ വാഹനം പിടിച്ചെടുക്കലും മറ്റ് നിയമനടപടികളും നടപ്പാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.