റിയാദ്- മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ ടണലായ അബൂബക്കര്‍ അല്‍സിദ്ദീഖ് റോഡ് ടണലില്‍ വാഹനങ്ങള്‍ക്ക് ഇരുവശങ്ങളിലേക്കും ഇന്ന് മുതല്‍ ഗതാഗതം അനുവദിച്ചതായി കിംഗ് സല്‍മാന്‍ പാര്‍ക്ക് ഫൗണ്ടേഷന്‍ അറിയിച്ചു. ഇതനുസരിച്ച്് ഈ ഭാഗത്ത് ഗതാഗതം കൂടുതല്‍ സുഗമമാവും.
2430 മീറ്റര്‍ നീളമുള്ള ഈ തുരങ്കം മുന്നുവരിപാതയിലാണ് നിര്‍മിച്ചിട്ടുള്ളത്. ഓരോ ദിശയിലും അടിയന്തര സര്‍വീസിനുള്ള പാതയുമുണ്ട്. സുരക്ഷ സംവിധാനങ്ങളുടെയും ഗതാഗത സൗകര്യത്തിന്റെയും ഭാഗമായി ഏഴ് എക്‌സിറ്റുകളുമുണ്ട്. റിയാദ് നഗരത്തിന്റെ ഭൂമി ശാസ്ത്രഘടനയും പാറകളുടെ സവിശേഷതകളും ഉള്‍ക്കൊള്ളുന്ന ഈ തുരങ്കം സല്‍മാനിയ വാസ്തുവിദ്യപ്രകാരമാണ് നിര്‍മിച്ചിട്ടുള്ളത്. കിംഗ് സല്‍മാന്‍ പാര്‍ക്കിലേക്ക് യാത്ര സുഗമമാക്കുന്നതോടൊപ്പം റിയാദ് നഗരത്തിലെ ഗതാഗതസൗകര്യവും ഇത് വര്‍ധിപ്പിക്കും. പാലങ്ങളും തുരങ്കവും ഒരേ സമയമാണ് പൂര്‍ത്തിയായത്.
കിംഗ് സല്‍മാന്‍ പാര്‍ക്ക് പദ്ധതിയുടെ ഭാഗമായി 2021ലാണ് പദ്ധതി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തത്. 2019 മാര്‍ച്ച് 19ന് കിംഗ് സല്‍മാന്‍ പാര്‍ക്കിന്റെ പ്രവൃത്തിയും ഉദ്ഘാടനം ചെയ്തു. 16 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കിംഗ് സല്‍മാന്‍ പാര്‍ക്ക് റിയാദ് സുലൈമാനിയയിലാണ് സ്ഥിതി ചെയ്യുന്നത്. റിയാദ് ട്രെയിന്‍, ബസ് പദ്ധതികളുമായും നിരവധി റോഡുകളുമായും ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നു. പാര്‍ക്ക് നിലവില്‍ വരുന്നതോടെ ലോകത്തെ ഏറ്റവും താമസയോഗ്യമായ നഗരങ്ങളിലൊന്നായി റിയാദ് മാറും.