റിയാദ്: സൗദി അറേബ്യയിലെ തൊഴിലിടങ്ങളിലുണ്ടാകുന്ന അത്യാഹിതങ്ങൾ കുറഞ്ഞതായി കണക്ക്. 2022നെ അപേക്ഷിച്ച് 2023ൽ 8.5 ശതമാനമാണ് അപകടങ്ങൾ മൂലമുള്ള പരിക്ക് കുറഞ്ഞത്. സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനാണ് തൊഴിൽ പരിക്കുകൾ സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. തൊഴിലിടങ്ങളിലെ സുരക്ഷയും ആരോഗ്യ നടപടിക്രമങ്ങളും ശക്തിപ്പെടുത്തിയതിന്റെ ഫലമായാണിതെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷം തൊഴിലിടങ്ങളിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം ഏകദേശം 27,133 ആണ്. അതിൽ ഏറ്റവും കൂടുതൽ പുരുഷന്മാരാണ്. 26,114 പേർ. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ അപകടങ്ങളിലെ പരിക്കുകൾ രേഖപ്പെടുത്തിയത് റിയാദ് മേഖലയിലാണ്, 7,880 പേർക്ക്. തൊട്ടുപിന്നാലെ കിഴക്കൻ മേഖലയാണ്. 4,606 പേർക്ക് പരിക്കേറ്റു. 3,628 പേരുമായി മക്ക മേഖല മൂന്നാം സ്ഥാനത്താണ്. ഏറ്റവും കുറവ് ബിഷയിലാണ്, ഒമ്പത് പേർ.