അബൂദബി: നികുതിദായകർക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന നടപടികള്‍ക്ക് വേഗം കൂട്ടി യു.എ.ഇ ഫെഡറല്‍ ടാക്‌സ് അതോറിറ്റി. ടാക്‌സ് സര്‍ട്ടിഫിക്കറ്റ് പുറത്തിറക്കുന്നതിനാവശ്യമായ രേഖകള്‍ ആറില്‍ നിന്ന് അഞ്ചാക്കി ചുരുക്കിയും പൂരിപ്പിക്കേണ്ട കോളങ്ങളുടെ എണ്ണം 12ല്‍ നിന്ന് ഒമ്പതായി ചുരുക്കിയുമാണ് യു.എ.ഇ ഫെഡറല്‍ ടാക്‌സ് അതോറിറ്റി സേവന വേഗം വര്‍ധിപ്പിക്കുന്നത്.
ഇതു കൂടാതെ രണ്ടു സര്‍വിസുകള്‍ കൂടി അതോറിറ്റി വേഗത്തിലാക്കിയിട്ടുണ്ട്. സര്‍വിസ് ലോഗിന്‍ ലിങ്ക് വേഗത്തില്‍ ലഭ്യമാക്കുന്നതിന് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ സെര്‍ച് ഫീച്ചറിന്‍റെ സൗകര്യം വിപുലപ്പെടുത്തിയും ഇലക്ട്രോണിക് ബന്ധിപ്പിക്കലിലൂടെ ഡേറ്റ വെരിഫിക്കേഷന്‍ ഓട്ടോമാറ്റിക് ആക്കിയും യു.എ.ഇ പാസുമായി സംയോജിപ്പിച്ച് ഒന്നിലധികം സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ നല്‍കിയുമാണ് അതോറിറ്റി തങ്ങളുടെ സേവനം വിപുലീകരിച്ചിരിക്കുന്നത്.
നടപടികള്‍ ലളിതമാക്കിയും വിവിധ സ്ഥാപനങ്ങളുടെ സംവിധാനങ്ങളുമായി സംയോജിപ്പിച്ചും ഇന്‍ഷുറന്‍സ് ടാക്‌സ് സര്‍ട്ടിഫിക്കറ്റുകളുടെ പ്രക്രിയ നവീകരിച്ചതായി അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഖാലിദ് അലി അല്‍ ബുസ്താനി പറഞ്ഞു. എക്‌സൈസ് ഗുഡ്‌സ് രജിസ്‌ട്രേഷന്‍, യു.എ.ഇ പൗരന്മാരുടെ നികുതി തിരിച്ചടവ് എന്നിവയാണ് പരിഷ്‌കരിക്കപ്പെട്ട മറ്റു രണ്ടു സേവനങ്ങള്‍.
എക്‌സൈസ് ഗുഡ്‌സ് രജിസ്‌ട്രേഷന്‍ സമയം അഞ്ചു മിനിറ്റില്‍ നിന്ന് രണ്ടുമിനിറ്റായാണ് കുറച്ചത്. സേവനം നല്‍കുന്ന സമയവും അഞ്ചുമിനിറ്റില്‍നിന്ന് രണ്ടു മിനിറ്റായി കുറച്ചു. യു.എ.ഇ പൗരന്മാര്‍ പുതിയ താമസകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട നികുതി തിരിച്ചടവ് സേവനത്തിന് അപേക്ഷിക്കേണ്ട സമയം 25 മിനിറ്റില്‍ നിന്ന് 20 ആയി കുറച്ചു. ആറു ഘട്ടങ്ങളായിരുന്നു നേരത്തേ വേണ്ടിയിരുന്നതെങ്കില്‍ ഇപ്പോൾ അഞ്ചാക്കിയിട്ടുണ്ട്. 35 കോളങ്ങള്‍ പൂരിപ്പിക്കേണ്ടിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 28 കോളങ്ങള്‍ പൂരിപ്പിച്ചാല്‍ മതിയാവും.