ജിദ്ദ: ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ ബുക്ക് ചെയ്ത പാക്കേജ് അനുസരിച്ച നിരക്കിന്റെ രണ്ടാം ഗഡു അടക്കേണ്ട അവസാന ദിവസം അടുത്ത ശനിയാഴ്ചയാണെന്ന് ഹജ്, ഉംറ മന്ത്രാലയം ഉണര്‍ത്തി. രണ്ടാം ഗഡുവായി പാക്കേജ് നിരക്കിന്റെ 40 ശതമാനമാണ് അടക്കേണ്ടത്. നിശ്ചിത സമയത്തിനകം പണമടക്കാത്തവരുടെ ബുക്കിംഗ് ക്യാന്‍സലാകും.
ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ആഭ്യന്തര ഹജ് തീര്‍ഥാടകരും മൂന്നിനം വാക്സിനുകള്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. പതിനെട്ടും അതില്‍ കൂടുതലും പ്രായമുള്ളവര്‍ ഒരു ഡോസ് കോവിഡ് വാക്സിന് (എക്സ്.ബി.ബി.1.5) സ്വീകരിക്കണം. സീസണല്‍ ഇന്‍ഫ്ളുവന്‍സ വാക്സിന്, മെനിഞ്ചൈറ്റിസ് വാക്സിന് ക്വാഡ്രിവാലന്റ് എന്നിവയും തീര്‍ഥാടകരും ഹജ് സേവന മേഖലാ ജീവനക്കാരും സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. വാക്സിനുകള്‍ സ്വീകരിച്ചവരെ ആരോഗ്യ മന്ത്രാലയത്തിന്റെ സിഹ പ്ലാറ്റ്ഫോമിലെ നാഷണല്‍ വാക്സിന് രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്.