യാംബു: അടിക്കടി മാറിമറിയുന്ന കാലാവസ്ഥയുടെ വിസ്മയം സൗദി അറേബ്യയിൽ. തെക്ക് ഭാഗങ്ങളിൽ വലിയ ചൂട് അനുഭവപ്പെടുമ്പോൾ വടക്കൻ മേഖലയിൽ മാമരം കോച്ചുന്ന തണുപ്പ്. തിങ്കളാഴ്ച രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 33 ഡിഗ്രി സെൽഷ്യസ് നജ്റാൻ മേഖലയിലെ ശറൂറയിൽ രേഖപ്പെടുത്തിയപ്പോൾ വടക്കൻ മേഖലയിലെ തുറൈഫിൽ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ ഏഴ് ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഇടത്തരം മുതൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴക്കുള്ള സാധ്യത സൗദിയിലെ ചില മേഖലകളിൽ പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ അതിർത്തികൾ, റിയാദ്, നജ്റാൻ, ജീസാൻ, അസീർ, അൽബാഹ തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശാനിടയുണ്ട്. ചിലയിടങ്ങളിൽ അത് പൊടിക്കാറ്റായി മാറും. അൽ ജൗഫ്, തബൂക്ക് മേഖലകളിലെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടും. ഇതിനെ തുടർന്ന് രാജ്യത്തിന്റെ വടക്കൻ, മധ്യ ഭാഗങ്ങളിൽ താപനില കുറയാൻ സാധ്യതയുള്ളതായും കേന്ദ്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയ കാലാവസ്ഥ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഖുൻഫുദയിൽ 32 ഡിഗ്രി സെൽഷ്യസും മക്കയിലും ജീസാനിലും 30 ഡിഗ്രി സെൽഷ്യസും ജിദ്ദ, ദമ്മാം, വാദി അൽ ദവാസിർ, അൽ അഹ്സ എന്നിവിടങ്ങളിൽ 29 ഡിഗ്രി സെൽഷ്യസുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഉയർന്ന താപനില. അൽ ഖുറയാത്ത്, അൽ സവ്ദ എന്നിവിടങ്ങളിൽ എട്ട് ഡിഗ്രിയും തബൂക്ക്, ഹാഇൽ, അറാർ, സകാക്ക, ത്വാഇഫ് എന്നിവിടങ്ങളിൽ 10 ഡിഗ്രി സെൽഷ്യസുമാണ് താപനില രേഖപ്പെടുത്തിയത്. അറാർ, തുറൈഫ്, അൽ ഖുറയാത്ത്, അൽ സൗദ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന അന്തരീക്ഷ ഈർപ്പം രേഖപ്പെടുത്തിയതെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം റിപ്പോർട്ടിൽ വ്യക്തമാക്കി.
അതിനിടെ റിയാദിൽ രണ്ടുദിവസമായി മഴ തുടരുകയാണ്. ശക്തമായ മഴയും തണുത്ത കാറ്റും കൂടെ ആലിപ്പഴ വർഷവുമുണ്ടായി.