റിയാദ്: പള്ളിക്കുള്ളിൽ വാണിജ്യ ഉൽപന്നങ്ങളും കച്ചവടവും പരസ്യവും നടത്തുന്നതിനെതിരെ മതകാര്യ വകുപ്പിന്റെ മുന്നറിയിപ്പ്. പള്ളിയുടെ വിശുദ്ധി ലംഘിക്കുന്ന വിധത്തിൽ ഒരാൾ പള്ളിക്കുള്ളിൽ കച്ചവടവും പരസ്യവിളംബരവും ചെയ്യുന്നതായ വിഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഈ മുന്നറിയിപ്പ്. സ്നാപ്ചാറ്റ് പ്ലാറ്റ്ഫോമിലെ വിഡിയോയിൽ പ്രത്യക്ഷപ്പെട്ട ആൾ പള്ളിയുടെ പവിത്രത ലംഘിച്ചുവെന്ന് മന്ത്രാലയം വിശദീകരിച്ചു. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായും പറഞ്ഞു. ഇതുപോലെയുള്ള പ്രവർത്തനങ്ങളിലേർപ്പെടൽ പള്ളിയുടെ പവിത്രതയെ ലംഘിക്കലാണെന്ന് മന്ത്രാലയം ഉണർത്തി. നിയമംമൂലം നിരോധിച്ച പ്രവൃത്തിയിലേർപ്പെടുന്ന ആളുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.