മക്ക: റമദാൻ ആദ്യ 10 ദിവസങ്ങളിലെ ഇരുഹറമുകളിലെ പദ്ധതികൾ വിജയകരമെന്ന് ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. രണ്ടാമത്തെ 10 ദിവസങ്ങളിൽ മതപരമായ സംരംഭങ്ങൾ ശക്തമാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതിനുവേണ്ട പദ്ധതികൾ ഒരുക്കിയിട്ടുണ്ട്.ആദ്യ 10ലെ പദ്ധതികൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. പദ്ധതികൾ ഒാരോന്നും സന്ദർശകർക്കും തീർഥാടകർക്കും ഭക്തിനിർഭരമായ അന്തരീക്ഷം ഒരുക്കുന്നതിലും അതിഥികളെ സേവിക്കുന്നത് കേന്ദ്രബിന്ദുവായിക്കണ്ടും അവരുടെ മതപരമായ അനുഭവം സമ്പന്നമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ്. സന്ദർശകരുടെയും തീർഥാടകരുടെയും തിരക്ക് വർധിക്കുന്ന സാഹചര്യം പരിഗണിച്ച് രണ്ടാമത്തെ പത്തിൽ മതപരമായ ക്ലാസുകൾ സജീവമാക്കും. ഹറമുകളുടെ സന്ദേശം ഉയർത്തിക്കാട്ടും. അവ രണ്ടിന്റെയും സ്ഥാനം മുസ്‌ലിംകളുടെ മനസ്സിൽ നിക്ഷേപിക്കുമെന്നും ഡോ. സുദൈസ് പറഞ്ഞു.