ദുബൈ: യുവാക്കളെ വഴിതെറ്റിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന 1.6 ലക്ഷം ഓൺലൈൻ അക്കൗണ്ടുകൾ പൂട്ടിച്ചതായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. മയക്കുമരുന്നും മറ്റു നിരോധിത ഉൽപന്നങ്ങളും വിൽപന നടത്തുകയും മോശം പെരുമാറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വെബ്സൈറ്റുകളും സമൂഹമാധ്യമ അക്കൗണ്ടുകളുമാണ് പൂട്ടിച്ചത്.
യു.എ.ഇ ഡിജിറ്റൽ ക്വാളിറ്റി ഓഫ് ലൈഫ് കൗൺസിൽ വിവിധ സമൂഹമാധ്യമ കമ്പനികളുമായി സഹകരിച്ചാണ് നടപടി സ്വീകരിച്ചത്. അബൂദബിയിലെ ഖസ്ർ അൽ വത്നിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുടുംബങ്ങൾ, സ്കൂളുകൾ, മാധ്യമങ്ങൾ എന്നിവ അടുത്ത തലമുറയെ സംരക്ഷിക്കുന്നതിന് പങ്കുവഹിക്കണമെന്നും കുട്ടികൾ രാജ്യത്തിന്റെ ഭാവി വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഏത് കാലയളവിലാണ് അക്കൗണ്ടുകൾ പൂട്ടിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.
ആഗോളതലത്തിൽ മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിൽ യു.എ.ഇയുടെ വളർച്ചയെ അഭിനന്ദിച്ച ശൈഖ് മുഹമ്മദ്, തൊഴിൽ വിപണിയുടെ വളർച്ചയെ പിന്തുണക്കുന്നതിന് പ്രത്യേക കൗൺസിലിനും തുടക്കമിട്ടിട്ടുണ്ട്. തൊഴിൽമേഖലയുടെ മത്സരശേഷി വർധിപ്പിക്കുന്നതിന് മാനവവിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയത്തെ പുനഃസംഘടിപ്പിക്കാനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇയിലെ തൊഴിൽ ശക്തിയാണ് സമ്പദ്വ്യവസ്ഥയുടെ യഥാർഥ എൻജിനെന്നും രാജ്യത്തിന്റെ വികസനത്തെ സഹായിക്കുന്നതിന് ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്നും പറഞ്ഞു.
70 ലക്ഷത്തിലധികം തൊഴിലാളികൾ രാജ്യത്ത് നടപ്പാക്കിയ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 21 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് ഇമാറാത്തി പാസ്പോർട്ടിന്റെ കാലാവധി അഞ്ചു വർഷത്തിൽനിന്ന് 10 വർഷമായി നീട്ടുന്നത് ഉൾപ്പെടുന്ന, പൗരത്വത്തെയും പാസ്പോർട്ടിനെയും നിയന്ത്രിക്കുന്ന ഫെഡറൽ ചട്ടങ്ങളിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നൽകി.