ജിദ്ദ: ഭിക്ഷാടനത്തിനെതിരെ നടപടി കടുപ്പിച്ച് സൗദി പൊതുസുരക്ഷാ വകുപ്പ്. അറബ് രാജ്യങ്ങൾ പൊതുവേ അനുഭവിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളിലൊന്നായി മാറിയിട്ടുണ്ട് റമദാൻ മാസത്തിലെ ഭിക്ഷാടനം. ഇതൊരു അധാർമിക പ്രവർത്തനവും മനുഷ്യന്റെ അന്തസ്സിന് ഹാനി വരുത്തുന്നതുമാണെങ്കിലും പുണ്യ മാസമെത്തിയാൽ ഇത്തരം ആളുകൾ പ്രത്യക്ഷപ്പെടുക പതിവാണ്. മതനിർദേശങ്ങളെ ദുരുപയോഗം ചെയ്ത് സാമുദായിക സഹതാപം നേടാനും പണം സ്വരൂപിക്കാനും ശ്രമിക്കുന്ന ഇവർ ഇതൊരു തൊഴിലാക്കി മാറ്റിയിരിക്കുകയാണ്. ഇത്തരം യാചകരോട് സഹതാപം പാടില്ലെന്ന് സൗദി പൊതുസുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. യാചന എന്ന പ്രതിഭാസം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള സുരക്ഷ കാമ്പയിനുകളും ഭിക്ഷാടനത്തിന്റെ സാമൂഹികവും സാമ്പത്തികവും സുരക്ഷാപരവുമായ ദോഷങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാനും നിയമപരമായ മുന്നറിയിപ്പുകൾ വ്യക്തമാക്കാനും പള്ളിയിലെ ജീവനക്കാരുടെ പങ്ക് ഊന്നിപ്പറയാനും ഇസ്‌ലാമിക കാര്യ മന്ത്രാലയം പള്ളി പ്രസംഗകർക്ക് ആവർത്തിച്ചുള്ള നിർദേശങ്ങൾ നൽകുന്നുണ്ട്. രാജ്യത്തിന്റെ സാംസ്‌കാരിക മുഖത്തെ വികലമാക്കുന്ന ഭിക്ഷാടകരെ പള്ളികളിലും പരിസരങ്ങളിലും തടയാനും പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്.
ഭിക്ഷാടകരോട് സഹതാപം കാണിക്കുന്നതിനെതിരെയും പണം നൽകുന്നതിനെതിരെയും പൊതുസുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഏത് രൂപത്തിലും തരത്തിലുമുള്ള ഭിക്ഷാടനത്തെ സൗദിയിൽ നിരോധിച്ചിരിക്കുകയാണ്. ന്യായീകരണങ്ങളൊന്നും പരിഗണിക്കാതെ, യാചകരെ കണ്ടാലുടൻ അറസ്റ്റ് ചെയ്യുന്നതിനുള്ള അധികാരം ആഭ്യന്തര മന്ത്രാലയത്തിന് നൽകിയിട്ടുണ്ട്. ഭിക്ഷാടകരെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ മക്ക, റിയാദ് മേഖലകളിൽ 999 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിൽ 911 എന്ന നമ്പറിലും ബന്ധപ്പെടാം. ഭിക്ഷാടനം ചെയ്യുകയോ മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയോ ചെയ്യാൻ സഹായിക്കുകയോ ചെയ്യുന്നവർക്ക് തക്കതായ ശിക്ഷയാണ് നൽകുക. ആറ് മാസത്തിൽ കൂടാത്ത തടവ്, അല്ലെങ്കിൽ 50,000 റിയാലിൽ കൂടാത്ത പിഴ എന്നിവയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ആയിരിക്കും ഇതിനുള്ള ശിക്ഷ. കൂടാതെ വിദേശികളാണെങ്കിൽ പിന്നീട് രാജ്യത്തേക്ക് തിരിച്ചുവരാനാവാത്ത വിധം അവരെ നാടുകടത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം ചാരിറ്റി പ്രവർത്തനങ്ങൾക്ക് രാജ്യത്തിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സംഭാവനകൾ നൽകേണ്ടതെന്ന് അധികൃതർ ഒർമിപ്പിക്കുന്നു. അത്തരം പ്ലാറ്റ്ഫോമുകളിലൂടെ എത്തുന്നവ അർഹിക്കുന്നവരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.