അബുദാബി: വേനല്‍ക്കാലക്കാല അവധി സീസണില്‍ കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യ-യുഎഇ സെക്ടറില്‍ എല്ലാ ആഴ്ചയും 24 അധിക സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് അറിയിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്.
പ്രധാനമായും അബുദാബി, റാസല്‍ഖൈമ, ദുബൈ വിമാനത്താവളങ്ങളിലേക്കാണ് അധിക സര്‍വീസുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. പുതിയ സര്‍വീസുകള്‍ വരുന്നതോടെ പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രയോജനകരമാണ്. ദുബൈയിലേക്ക് നാല് വിമാനസര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികമായി തുടങ്ങുന്നത്.
ഇതോടെ ആഴ്ചതോറുമുള്ള സര്‍വീസുകളുടെ എണ്ണം 84 ആകും. അബുദാബി റൂട്ടില്‍ ആഴ്ചയില്‍ 43 സര്‍വീസുകളുമാകും. 14 സര്‍വീസുകളാണ് പുതിയതായി ഉള്‍പ്പെടുത്തുന്നത്. എല്ലാ ആഴ്ചയിലും ആറ് വിമാനങ്ങളാണ് റാസല്‍ഖൈമ റൂട്ടില്‍ പുതിയതായി ഉള്‍പ്പെടുത്തുക. ഇതോടെ ഈ സെക്ടറില്‍ ആഴ്ചയില്‍ ആകെ എട്ട് വിമാന സര്‍വീസുകള്‍ ഉണ്ടാകും.
ജൂണ്‍-ഓഗസ്റ്റ് കാലയളവില്‍ യുഎഇയില്‍ നിരവധി സ്കൂളുകള്‍ക്ക് വേനല്‍ക്കാല അവധി ആയിരിക്കും. ഇതോടെ വിദേശത്തേക്കും നാട്ടിലേക്കുമുള്ള പ്രവാസി കുടുംബങ്ങളുടെ യാത്രകളും വര്‍ധിക്കും. അതുപോലെ തന്നെ ഇന്ത്യയില്‍ നിന്നും നിരവധി ടൂറിസ്റ്റുകള്‍ യുഎഇയും സന്ദര്‍ശിക്കും. കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുന്നതിനായി താമസക്കാരും സ്ഥിരം യാത്രക്കാരും കുറഞ്ഞത് മൂന്ന് മാസം മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നതാകും ഉചിതമെന്ന് ട്രാവല്‍ ഏജന്റുമാര്‍ അഭിപ്രായപ്പെട്ടു.