റിയാദ്: റമദാൻ പ്രമാണിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സൗദി അറേബ്യ ‘ഇഹ്സാൻ’ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ആരംഭിച്ച നാലാമത് ദേശീയ ധനസമാഹരണ കാമ്പയിന് പൊതുജനങ്ങളിൽനിന്ന് മികച്ച പ്രതികരണം. സൽമാൻ രാജാവ് നാല് കോടി റിയാലും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മൂന്ന് കോടി റിയാലും നൽകിയാണ് വെള്ളിയാഴ്ച രാത്രി 10.30ന് കാമ്പയിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്.
ആദ്യ മൂന്ന് മണിക്കൂറിനുള്ളിൽ 100 കോടി റിയാലിലേറെയാണ് ഒഴുകിയെത്തിയത്. ദേശീയ എണ്ണ കമ്പനിയായ അരാംകോ 3.5 കോടി റിയാലും റോഷൻ റിയൽ എസ്റ്റേറ്റ് കമ്പനി മൂന്ന് കോടി റിയാലും സംഭാവന ചെയ്തു. ‘ഇഹ്‌സാൻ’ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി കാമ്പയിനിലേക്ക് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽനിന്നുമാണ് സംഭാവനകൾ സ്വീകരിക്കുന്നത്. റമദാനിലുടനീളം ഇത് തുടരും. ഇഹ്സാൻ ആപ്പ്, വെബ്‌സൈറ്റ്, 8001247000 എന്ന ഏകീകൃത നമ്പർ, നിയുക്ത ബാങ്ക് അക്കൗണ്ടുകൾ എന്നീ വിവിധ മാർഗങ്ങളിലൂടെ പൊതുജനങ്ങൾക്ക് സംഭാവനകൾ നൽകാനാവും.