ദുബൈ: വ്യാജ സ്വദേശിവത്കരണ നിയമനം നടത്തിയ 1202 സ്വകാര്യ കമ്പനികളെ കണ്ടെത്തിയതായി മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. 2022ന്‍റെ ആദ്യപകുതി മുതൽ 2024 മാർച്ചുവരെ കമ്പനികൾ വ്യാജമായി നിയമിച്ചത് 1963 സ്വദേശികളെ. നിയമലംഘനം നടത്തിയ കമ്പനികൾക്ക് 20,000 മുതൽ ഒരു ലക്ഷം ദിർഹംവരെ പിഴ ചുമത്തും.
കുറ്റകൃത്യത്തിന്‍റെ പ്രാധാന്യം അനുസരിച്ച് കേസ് പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു. സ്വദേശിവത്കരണ ലക്ഷ്യം മറികടക്കുന്നതിന് വേണ്ടിയാണ് സ്വകാര്യ കമ്പനികൾ വ്യാജമായി സ്വദേശികളെ നിയമിച്ചതായി രേഖയുണ്ടാക്കുന്നത്. ഇതിന് കൂട്ടുനിൽക്കുന്ന സ്വദേശികളിൽനിന്ന് നാഫിസ് (ഇമാറാത്തി ടാലന്‍റ് കോംപിറ്റീവ്നസ് കൗൺസിൽ പ്രോഗ്രാം) പദ്ധതി വഴി ലഭിച്ച തുക മരവിപ്പിക്കുകയും മുമ്പ് നേടിയ തുക തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.
നിലവിൽ രാജ്യത്ത് 95,000 സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ തൊഴിൽ ലഭിച്ചിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്‍റെ കണക്ക്. 20,000ത്തിലധികം സ്വകാര്യ കമ്പനികൾ സ്വദേശിവത്കരണ നിയമം പാലിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന്‍റെ ആദ്യഘട്ടമെന്ന നിലയിൽ 50ലധികം ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾ 2023 മുതൽ രണ്ടുശതമാനം സ്വദേശികളെ നിയമിക്കണമെന്നായിരുന്നു നിർദേശിച്ചിരുന്നത്.