കോഴിക്കോട്: സഊദിയിലേക്കുള്ള മുഴുവൻ എംബസി, കോൺസുലേറ്റ് അറ്റസ്റ്റേഷനും ഇനി മുതൽ വി എഫ് എസ് വഴിയാക്കി പുതിയ നിബന്ധന. ഇതോടെ, ട്രാവൽസ് മേഖലയിൽ സഊദി വിസ, എംബസി, കോൺസുലേറ്റ് നടപടികളും പൂർണ്ണമായും എന്ന രൂപത്തിൽ വി എഫ് എസ് കേന്ദ്രത്തിലേക്ക് മാറും. നേരത്തെ, എംബസി, കോൺസുലേറ്റ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ വി എഫ് എസിലേക്ക് മാറിയിരുന്നെങ്കിലും വിവിധ അറ്റസ്റ്റേഷൻ നടപടികൾ പൂർത്തീകരിച്ചിരുന്നത് ട്രാവൽസ് ഏജൻസികൾ മുഖേന ആയിരുന്നു. വി എഫ് എസ് വഴിയുള്ള പുതിയ നിബന്ധന ഈ മാസം 18 മുതൽ നിലവിൽ വരും.
സഊദി വിസ സ്റ്റാമ്പിങ് ഉൾപ്പെടെ സഊദിയിലേക്ക് ചില ഘട്ടങ്ങളിൽ അത്യാവശ്യമായി വന്നിരുന്ന അറ്റസ്റ്റേഷനാണ് ഇപ്പോൾ വി എഫ് എസിലേക്ക് മാറ്റിയിരിക്കുന്നത്. വിവാഹ സർട്ടിഫിക്കറ്റ്, ബെർത്ത് സർട്ടിഫിക്കറ്റ്, പോളിയോ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ചില സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ട്രാവൽസ് ഏജൻസികൾ മുഖേന മുംബൈയിലേ സഊദി കോൺസുലേറ്റിൽ നിന്ന് ലഭിച്ചിരുന്നു. പുതിയ നിബന്ധന വന്നതോടെ ഇതെല്ലാം ലഭിക്കണമെങ്കിൽ വി എഫ് എസിൽ പോകണം.
വി എഫ് എസിൽ ഏതൊരു കാര്യത്തിനും അപ്പോയിന്റമെന്റും മറ്റും വേണമെന്നതിനാൽ ഇനി മുതൽ പ്രവാസികളും പ്രവാസി കുടുംബങ്ങളും എല്ലാ കാര്യത്തിനും വി എഫ് എസിനെ ആശ്രയിക്കുമ്പോൾ ദുരിതവും വർധിക്കും. നിലവിലെ സാഹചര്യത്തിൽ വിസ സ്റ്റാമ്പിങ് തന്നെ ഏറെ ദുരിതം പേറിയാണ് വി എഫ് എസിൽ പോയി പ്രവാസി കുടുംബങ്ങൾ പൂർത്തീകരിക്കുന്നത്. അതേസമയം, ചില കാര്യങ്ങൾക്കായുള്ള സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഒഴിവാക്കി പകരം അപ്പോസ്തൽ ആക്കിയത് ഏറെ ആശ്വാസം പകരുന്നുണ്ട്.