റിയാദ്- സൗദി അറേബ്യയെയും ബഹ്‌റൈനിനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിലെ യാത്രാനടപടികള്‍ കൂടുതല്‍ സുഗമമാക്കിയതായി സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. അതിര്‍ത്തിയില്‍ എത്തുന്നതിന് മുമ്പേ പാലത്തിന്റെ ടോളും വാഹനത്തിന്റെ ഇന്‍ഷുറന്‍സും അബ്ശിര്‍ വഴി അടക്കാം. സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി (സദായ), സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി, ജനറല്‍ കോര്‍പ്പറേഷന്‍ ഫോര്‍ ദി കിംഗ് ഫഹദ് കോസ്‌വേ എന്നിവയുടെ പങ്കാളിത്തത്തോടെയാണിത്.
അബ്ശിറില്‍ എകൗണ്ടുള്ള എല്ലാ വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഈ സംവിധാനം ഉപയോഗിക്കാനാകും. അബ്ശിറില്‍ ലോഗിന്‍ ചെയ്ത് മൈ സര്‍വീസസില്‍ അദര്‍ സര്‍വീസില്‍ അബ്ശിര്‍ സഫര്‍ എന്ന ഒബ്ഷന്‍ കാണാം. ഇവിടെ ക്രിയേറ്റ് ട്രാവല്‍ റിക്വസ്റ്റ് ക്ലിക്ക് ചെയ്ത് പണമടക്കാം.
നിലവില്‍ പാലത്തിലെ പ്രത്യേക കേന്ദ്രത്തില്‍ നേരിട്ടാണ് പണമടക്കുന്നത്. അബ്ശിര്‍ വഴി പണമടക്കുന്നതോടെ ഈ കൗണ്ടറില്‍ കാത്തുനില്‍ക്കേണ്ടതില്ല.