ദുബായ്: റെന്റ് എ കാർ എടുക്കുന്നവർ കമ്പനികൾക്ക് നൽകുന്ന ഡിപ്പോസിറ്റ് തുക 30 ദിവസത്തിനകം മടക്കി നൽകണമെന്ന് ദുബായ് ഇക്കോണമി ആൻഡ് ടൂറിസം അതോറിറ്റി. വാഹനങ്ങൾക്ക് കേടുപാടുണ്ടെങ്കിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യണം. വാഹനം വാടകയ്ക്ക് ഉപയോഗിച്ച കാലയളവിലെ ട്രാഫിക്, ആർടിഎ പിഴ വാടകക്കാരിൽ നിന്ന് ഈടാക്കാം.
ഇതിനു പുറമെ അധികമായി പണം വാങ്ങരുതെന്നും അതോറിറ്റി നിർദേശിച്ചു. വാഹനം വാടകയ്ക്ക് എടുക്കുന്ന നൂറുകണക്കിന് പ്രവാസികൾക്ക് അനുകൂല തീരുമാനമാണിത്. വാഹനം തിരിച്ച് ഏൽപ്പിക്കുന്ന ദിവസം മുതലാണ് 30 ദിവസം കണക്കാക്കുക. വാടകയ്ക്ക് എടുത്ത വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറേണ്ടത്. ഇതിനു സാധിക്കുന്നില്ലെങ്കിൽ പണമായി നേരിട്ടു നൽകണം. പണം ബാങ്കിലേക്കു നൽകുമ്പോഴുള്ള സർവീസ് ചാർജും വാടകക്കാരനിൽ നിന്ന് ഈടാക്കാം.
∙ വാടകക്കാർ ചെയ്യേണ്ടത്
വാഹനം വാടകയ്ക്ക് ഉപയോഗിക്കുന്ന കാലയളവിൽ വാഹനവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇടപാടുകാരൻ സൂക്ഷിക്കണം. വാഹനത്തിന്റെ ഇൻഷുറൻസ് രേഖയും ഗതാഗത നിയമ ലംഘനത്തിനു ലഭിച്ച പിഴയുടെ രസീതും ഇതിൽ ഉൾപ്പെടും.
∙ തുക തിരിച്ചുലഭിച്ചില്ലെങ്കിൽ പരാതിപ്പെടാം
നിർദേശങ്ങൾ ലംഘിക്കുന്ന റെന്റ് എ കാർ സ്ഥാപനങ്ങൾക്ക് ടൂറിസം അതോറിറ്റി പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിച്ചാൽ സ്ഥാപനം പൂട്ടിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. നിശ്ചിത സമയം കഴിഞ്ഞിട്ടും ഡിപ്പോസിറ്റ് തുക തിരികെ ലഭിക്കാത്തവർക്ക് അതോറിറ്റിയുടെ ഉപഭോക്തൃ സുരക്ഷാ വകുപ്പിൽ പരാതിപ്പെടാം. consumerrights.ae എന്ന വെബ് സൈറ്റ് വഴിയോ 600545555 നമ്പറിലോ ബന്ധപ്പെടാം.
*ഗൾഫ് മലയാളം ന്യൂസ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക*