റിയാദ് : ദ്വിരാഷ്ട്രമാണ് ഇസ്രായീല്‍ ഫലസ്തീന് പ്രശ്നത്തിനുള്ള പരിഹാരമെന്നും അതിലേക്കുള്ള സുരക്ഷിത പാത ഒരുക്കേണ്ടത് അനിവാര്യമായിരിക്കുന്നുവെന്നും ഇക്കാര്യം അന്താരാഷ്ട്ര സമൂഹം തിരിച്ചറിയണമെന്നും സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് മ്യണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടു. ആക്രമണങ്ങള്‍ അവസാനിപ്പിച്ച് സമാധാനത്തിന്റെ പാതയാണ് ഇസ്രായീലും ഫലസ്തീനും മേഖലയും പ്രത്യാശിക്കുന്നത്. അതിനാണ് സൗദി അറേബ്യയും അറബ് രാജ്യങ്ങളും പിന്തുണ നല്‍കുന്നത്. മിഡില്‍ ഈസ്റ്റിലെ സമാധാനവും സ്ഥിരതയും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്വതന്ത്ര ഫലസ്തീന് സ്ഥാപിക്കുകയെന്നത് മാത്രമാണ് മിഡില്‍ ഈസ്റ്റില്‍ സമാധാനം ഉറപ്പാക്കുന്നതിനുളള ഏക വഴി. ഇസ്രായീലുമായുള്ള ബന്ധം സാധാരണനിലയിലാവുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ആദ്യം ഗാസയിലും മറ്റുമുള്ള മാനുഷിക പ്രതിസന്ധിപരിഹരിക്കുകയും വെടിനിര്‍ത്തല്‍ നിലവില്‍ വരികയും വേണം. ഗാസയില്‍ നിന്ന് ഇസ്രായീല്‍ സൈന്യത്തെ പിന്‍വലിക്കണം. സിവിലിയന്മാര്ക്ക് സംരക്ഷണം വേണം. മാത്രമല്ല എത്രയും പെട്ടെന്ന് മാനുഷിക സഹായങ്ങള്‍ എത്തുകയും വേണം.
ഗാസയില്‍ വെടിനിര്‍ത്തലിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് സൗദി അറേബ്യ അമേരിക്കയെ അറിയിച്ചിരുന്നു. വെടിനിര്‍ത്തലിന് ശേഷം ഇസ്രായീലുമായുളള സാധാരണവത്കരണത്തെ കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് തിരിച്ചെത്തും. സ്വതന്ത്ര ഫലസ്തീന് ഉണ്ടാവുകയെന്നതാണ് ചര്‍ച്ചകളുടെ സാരം.
ഇസ്രായീല്‍ ഉള്‍ക്കൊള്ളുന്ന മിഡില്‍ ഈസ്റ്റ് മേഖലയില്‍ സമാധാനമുണ്ടാകണമെന്നതാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. ഒക്ടോബര്‍ ഏഴിന് മുമ്പ് ഇസ്രായീലുമായുള്ള ബന്ധം സാധാരണഗതിയിലാവുന്നത് സംബന്ധിച്ച നിലപാടുമായി ഈ വിഷയം ബന്ധപ്പെട്ടിരിക്കുന്നു. 2002ല്‍ സൗദി അറേബ്യ മുന്നോട്ടുവെച്ച അറബ് സമാധാനപദ്ധതിയാണ് ഇസ്രായീലുമായുളള ബന്ധത്തിന്റെ അടിസ്ഥാനം. ഗാസയില്‍ ഇസ്രായീല്‍ ചെയ്യുന്നത് അവരുടെ സുരക്ഷക്ക് ഭീഷണിയാണെന്നും പുതിയ തലമുറയെ തീവ്രവാദത്തിലേക്ക് തളളിവിടുമെന്നും മന്ത്രി വ്യക്തമാക്കി.
ഫലസ്തീനികളില്‍ ഭൂരിഭാഗവും ദ്വിരാഷ്ടമെന്ന പരിഹാരത്തെയാണ് പിന്തുണക്കുന്നത്. അവര്‍ ഇസ്രായീലിനെ അംഗീകരിക്കുന്നു. ദ്വിരാഷ്ട് പരിഹാരത്തിന് ഇസ്രായീല്‍ തടസ്സം നില്ക്കുന്നു. ഫലസ്തീന് അതോറിറ്റയിലും ഹമാസിലും ദ്വിരാഷ്ട്ര പരിഹാരത്തിന് തടസ്സം നില്‍ക്കുന്നവരെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.