ജിദ്ദ : വാണിജ്യ, പാർപ്പിട ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളിലെ ദൃശ്യവികലതകൾ ഇല്ലാതാക്കാൻ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം ഉടമകൾക്ക് അനുവദിച്ച സാവകാശം നാളെ(ഞായർ) അവസാനിക്കും. കെട്ടിടങ്ങൾക്ക് ബിൽഡിംഗ് കംപ്ലയൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി കഴിഞ്ഞ വർഷം മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. തങ്ങളുടെ കെട്ടിടങ്ങളിൽ ഉടമകൾ ദൃശ്യവികലതകൾ ഇല്ലാതാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാനാണ് ബിൽഡിംഗ് കംപ്ലയൻസ് സർട്ടിഫിക്കറ്റ് പദ്ധതിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
ആരോഗ്യകരവും സുസ്ഥിരവുമായ ഒരു നഗര അന്തരീക്ഷം പ്രദാനം ചെയ്യാനും സൗദി നഗരങ്ങളിലെ നഗരഭൂപ്രകൃതിയും ജീവിത നിലവാരവും മെച്ചപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. കെട്ടിടങ്ങളിലെ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കാൻ അനുവദിച്ച സാവകാശം ഫെബ്രുവരി 18 ന് അവസാനിക്കുമെന്ന് സെപ്റ്റംബറിൽ മന്ത്രാലയം അറിയിച്ചിരുന്നു. ബിൽഡിംഗ് കംപ്ലയൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ കെട്ടിടങ്ങൾ 19 നിയമ ലംഘനങ്ങളിൽ നിന്ന് മുക്തമാകണം.
*നിയമലംഘനങ്ങൾ ഇവയാണ്.*
നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ച് വികലാംഗരുടെ ഉപയോഗത്തിന് ചരിവ് (സ്ലോപ്പ്) ഇല്ലാതിരിക്കൽ, സ്ലോപ്പിനു മുന്നിൽ സൈഡ് ആക്‌സസ് ലെയ്ൻ ഇല്ലാതിരിക്കൽ, വാണിജ്യ റോഡിന് അഭിമുഖമായ കെട്ടിടത്തിന്റെ മുൻവശത്ത് എയർ കണ്ടീഷനറുകളുണ്ടാകൽ, കെട്ടിടത്തിന്റെ അടിയിലെ നിലവറയിൽ (ബേസ്‌മെന്റ്) പാർക്കിംഗുകളുടെ ഉപയോഗത്തിൽ മാറ്റം വരുത്തൽ, വാണിജ്യ റോഡിന് (കൊമേഴ്‌സ്യൽ സ്ട്രീറ്റ്) അഭിമുഖമായ കെട്ടിടത്തിന്റെ മുൻവശത്ത് പ്രകടമായ നിലക്ക് വൈദ്യുതി കേബിളുകളും മലിനജല പൈപ്പുകളും മറ്റും ഉണ്ടാകൽ, നഗരസഭയിൽ നിന്ന് ആവശ്യമായ ലൈസൻസ് നേടാതെ ബാൽക്കണികൾ മറക്കൽ, മതിലിലും ടെറസ്സിലും ഇരുമ്പും തകര ഷീറ്റും ഉപയോഗിച്ച് വികൃതമായ നിലക്ക് മറകൾ സ്ഥാപിക്കൽ, നഗരസഭാ വ്യവസ്ഥകൾക്കനുസൃതമായ മൂടികൾ ഉപയോഗിച്ച് മലിനജല ടാങ്കുകൾ മൂടാതിരിക്കൽ, വാണിജ്യ റോഡുകളുടെ ഭാഗത്ത് കേടായതോ നിർമാണം പൂർത്തിയാകാത്തതോ ആയ ഫുട്പാത്തുകൾ, കെട്ടിടത്തിന്റെ മുൻവശത്ത് പഴയതും ജീർണിച്ചതുമായ പരസ്യ പോസ്റ്ററുകൾ ഉണ്ടാകൽ എന്നീ നിയമ ലംഘനങ്ങളാണ് അവസാനിപ്പിക്കേണ്ടത്.
വാണിജ്യ റോഡിന് അഭിമുഖമായ കെട്ടിടത്തിന്റെ മുൻവശത്ത് നിയമ വിരുദ്ധമായ എഴുത്തുകൾ ഉണ്ടാകൽ, കെട്ടിടത്തിന്റെ മുൻവശത്ത് ആകെ ഒരു ചതുരശ്രമീറ്ററിൽ കൂടിയ വിസ്തൃതിയുള്ള സ്ഥലങ്ങളിൽ അടർന്നുവീണതും കേടായതുമായ പെയിന്റും വിള്ളലുകളും ഉണ്ടാകലും ലോഹപദാർഥങ്ങളിൽ തുരുമ്പുണ്ടാകലും, ജീർണിച്ചതോ അപൂർണമോ ആയ മതിലുകൾ, ബാൽക്കണികളിലും കൊമേഴ്‌സ്യൽ സ്ട്രീറ്റുകൾക്ക് അഭിമുഖമായ മുൻവശത്തും സാറ്റലൈറ്റ് ചാനലുകളുടെ ഡിഷുകൾ ഉണ്ടാകൽ, ഉടമസ്ഥാവകാശ പരിധിക്കു പുറത്ത് കാർ പാർക്കിംഗിന് തണൽ കുടകളും തകര ഷീറ്റ് ഉപയോഗിച്ചുള്ള ഷെഡുകളും ഉണ്ടാകൽ, കെട്ടിടത്തിന്റെ മുൻവശത്ത് പുകക്കുഴൽ ഉണ്ടാകൽ-പുകക്കുഴലിന്റെ ഉയരം കെട്ടിടത്തേക്കാൾ രണ്ടു മീറ്ററിലേറെ കൂടുതലാകൽ, വ്യാപാര സ്ഥാപനങ്ങളുടെ നെയിം ബോർഡുകൾ നഗരസഭാ വ്യവസ്ഥകൾക്ക് നിരക്കാതിരിക്കൽ, കെട്ടിടത്തിനു മുന്നിലെ ഫുട്പാത്തിൽ സഞ്ചാരം തടസ്സപ്പെടുത്തുന്ന നിലക്ക് അവശിഷ്ടങ്ങളും കെട്ടിട നിർമാണ വസ്തുക്കളും ഉണ്ടാകൽ, ലൈസൻസ് കാലാവധി അവസാനിച്ച, അടച്ചുപൂട്ടിയ വ്യാപാര സ്ഥാപനങ്ങളുടെ പരസ്യബോർഡുകൾ ഉണ്ടാകൽ-നീക്കം ചെയ്ത പരസ്യബോർഡുകൾ ഘടിപ്പിച്ചിരുന്ന ഇരുമ്പ് സ്ട്രക്ചർ ഉണ്ടാകൽ എന്നീ നിയമ ലംഘനങ്ങളും അവസാനിപ്പിക്കൽ നിർബന്ധമാണ്.
ബിൽഡിംഗ് കംപ്ലയൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ കെട്ടിടങ്ങളിലെ നിയമ ലംഘനങ്ങൾ ഇല്ലാതാക്കുന്നതിനെ കുറിച്ച സചിത്ര ബോധവൽക്കരണ സന്ദേശങ്ങൾ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം പുറത്തിറക്കി.