ജിദ്ദ : വിശുദ്ധ റമദാനില്‍ സൗദിയില്‍ ബാങ്കുകളുടെയും ബാങ്കുകള്‍ക്കു കീഴിലെ റെമിറ്റന്‍സ് സെന്ററുകളുടെയും പെയ്‌മെന്റ് കമ്പനികളുടെയും മണി എക്‌സ്‌ചേഞ്ചുകളുടെയും പ്രവൃത്തി സമയവും ഈദുല്‍ഫിത്ര്‍, ഈദുല്‍അദ്ഹ അവധി ദിവസങ്ങളും സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു. റമദാനില്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് നാലു വരെയാകും ബാങ്കുകളുടെ പ്രവൃത്തി സമയം. മണി റെമിറ്റന്‍സ് സെന്ററുകളുടെയും പെയ്‌മെന്റ് കമ്പനികളുടെയും പ്രവൃത്തി സമയം ദിവസേന രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് അഞ്ചര വരെയുള്ള സമയത്തിനിടെ വഴക്കമുള്ള ആറു മണിക്കൂറാകും.
ബാങ്കുകളുടെ ഈദുല്‍ഫിത്ര്‍ അവധി ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം റമദാന്‍ 25 (ഏപ്രില്‍ 4) വ്യാഴാഴ്ച പ്രവൃത്തി സമയം അവസാനിക്കുന്നതു മുതല്‍ ആരംഭിക്കും. പെരുന്നാള്‍ അവധിക്കു ശേഷം ശവ്വാല്‍ അഞ്ചിന് (ഏപ്രില്‍ 14) ഞായറാഴ്ച ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ബലിപെരുന്നാള്‍ അവധി ദുല്‍ഹജ് ഏഴ് (ജൂണ്‍ 13) വ്യാഴാഴ്ച പ്രവൃത്തി ദിവസം അവസാനിക്കുന്നതു മുതല്‍ ആരംഭിക്കും. ബലിപെരുന്നാള്‍ അവധി പൂര്‍ത്തിയായി ദുല്‍ഹജ് 17 (ജൂണ്‍ 23) ഞായറാഴ്ച ബാങ്കുകള്‍ വീണ്ടും തുറക്കും.
ഹജ് സിറ്റികളിലും പുണ്യസ്ഥലങ്ങളിലും മക്കയിലും മദീനയിലും അതിര്‍ത്തി പ്രവേശന കവാടങ്ങളിലും ഹജ്, ഉംറ തീര്‍ഥാടകരുടെ സേവനത്തിന് ബാങ്ക്, മണി എക്‌സ്‌ചേഞ്ച്, പെയ്‌മെന്റ് കമ്പനി ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണം. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ബാങ്കുകളും മണി എക്‌സ്‌ചേഞ്ചുകളും മണി റെമിറ്റന്‍സ് സെന്ററുകളും പെയ്‌മെന്റ് കമ്പനികളും ഏതാനും ശാഖകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നും സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടു.