തബൂക്ക് : ഉത്തര സൗദിയിലെ തബൂക്ക് പ്രവിശ്യയില്‍ പെട്ട ജബല്‍ അല്ലോസില്‍ ശക്തമായ മഞ്ഞുവീഴ്ച. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി പൗരന്‍ മാജിദ് അല്‍ആമിരി ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. വ്യാഴാഴ്ചയുണ്ടായ മഞ്ഞുവീഴ്ച ആസ്വദിക്കാന്‍ നിരവധി പേര്‍ ജബല്‍ അല്ലോസില്‍ എത്തി. നോക്കെത്താ ദൂരത്തോളം പ്രദേശം മുഴുവനും കാറുകളും തൂവെള്ള മഞ്ഞില്‍ പുതച്ച് നില്‍ക്കുന്ന കാഴ്ച അതിമനോഹരമായിരുന്നു.
അല്‍ഖസീം പ്രവിശ്യയില്‍ പെട്ട അല്‍ദുലൈമിയയില്‍ മഴക്കൊപ്പം ശക്തമായ ആലിപ്പഴവര്‍ഷവുമുണ്ടായി. ഐസ് കട്ടകള്‍ നിറഞ്ഞ മഴവെള്ളം താഴ്‌വരയിലൂടെ കുത്തിയൊലിക്കുന്നതിന്റെയും വിശാലമായ പ്രദേശത്ത് ഐസ് കട്ടകള്‍ പരന്നുകിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അല്‍ഖസീം പ്രവിശ്യക്ക് പടിഞ്ഞാറ് അതാ എന്ന സ്ഥലത്തും ശക്തമായ ആലിപ്പഴവര്‍ഷമുണ്ടായി. കനത്ത മഴക്കൊപ്പം വലിയ ഐസ് കട്ടകളാണ് ഇവിടെ പതിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും പ്രദേശവാസികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.