ജിദ്ദ – ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തെയും മക്കയെയും നേരിട്ട് ബന്ധിപ്പിക്കുന്ന റോഡ് പദ്ധതിയുടെ നിര്‍മാണ പുരോഗതി വിലയിരുത്തി ഗതാഗത, ലോജിസ്റ്റിക്സ് സര്‍വീസ് മന്ത്രിയും റോഡ്സ് ജനറല്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍. റോഡ്സ് ജനറല്‍ അതോറിറ്റി ആക്ടിംഗ് സി.ഇ.ഒ എന്‍ജിനീയര്‍ ബദ്ര് അല്‍ദലാമിയും മന്ത്രിയെ അനുഗമിച്ചു. റോഡ് നിര്‍മാണ ജോലികളുടെ പുരോഗതി, ജോലികള്‍ക്ക് ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും, റോഡ് സുരക്ഷാ നിലവാരവും സേവന ഗുണനിലവാരവും ഉയര്‍ത്തല്‍, ഗതാഗതം എളുപ്പമാക്കല്‍ എന്നിവ അടക്കം പുതിയ റോഡ് പദ്ധതിയെ കുറിച്ച വിശദാംശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മന്ത്രിക്കു മുന്നില്‍ വിശദീകരിച്ചു.
ഹജ്, ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും സേവനങ്ങള്‍ക്ക് സൗദി ഭരണാധികാരികള്‍ അതീവ ശ്രദ്ധയാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. റോഡ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍ നടത്താന്‍ മന്ത്രി നിര്‍ദേശിച്ചു. ജിദ്ദ വിമാനത്താവളത്തിനും മക്കക്കുമിടയിലെ യാത്രാ സമയം 35 മിനിറ്റ് ആയി കുറക്കുന്ന ഈ റോഡ് ഏറെ പ്രധാനമാണ്. ജിദ്ദ വിമാനത്താവളത്തെയും മക്കയിലെ ഫോര്‍ത്ത് റിംഗ് റോഡിനെയും ബന്ധിപ്പിച്ചാണ് പുതിയ റോഡ് നിര്‍മിക്കുന്നത്. റോഡിന്റെ 80 ശതമാനം നിര്‍മാണ ജോലികളും ഇതിനകം പൂര്‍ത്തിയായി. പദ്ധതിക്ക് 100 കോടിയിലേറെ റിയാലാണ് ചെലവ് കണക്കാക്കുന്നത്. പലഘട്ടങ്ങളായി റോഡില്‍ 51 കിലോമീറ്റര്‍ ദൂരം ഇതിനകം ഉദ്ഘാടനം ചെയ്തു. അവസാന ഘട്ടമായ 11 കിലോമീറ്റര്‍ ദൂരം കൂടിയാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഈ ഭാഗത്തിന്റെ 16 ശതമാനം നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
2030 ഓടെ പ്രതിവര്‍ഷം പുണ്യഭൂമിയിലെത്തുന്ന ഹജ്, ഉംറ തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന വിഷന്‍ 2030 അനുസൃതമായി നടപ്പാക്കുന്ന പശ്ചാത്തല പദ്ധതികളില്‍ ഒന്നാണ് പുതിയ റോഡ്. ഹജ്, ഉംറ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ഏറെ സഹായകമാകുന്ന പുതിയ റോഡ് മക്ക പ്രവിശ്യയില്‍ സാമ്പത്തിക, വാണിജ്യ, ടൂറിസം മേഖലകളില്‍ ഉണര്‍വുണ്ടാക്കാനും സഹായിക്കും. ജിദ്ദയിലെ റോഡുകളില്‍ തിരക്ക് കുറക്കാനും ഗതാഗതം മെച്ചപ്പെടുത്താനും ഹറമൈന്‍ റോഡില്‍ നിന്ന് വാഹനങ്ങളെ ജനവാസ കേന്ദ്രങ്ങള്‍ക്ക് പുറത്തേക്ക് മാറ്റാനും ഈ റോഡ് സഹായിക്കുമെന്നും എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു.
ജിദ്ദ എയര്‍പോര്‍ട്ടിനെയും വിശുദ്ധ ഹറമിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന റോഡ് പദ്ധതിയുടെ ഭാഗമായ 24 കിലോമീറ്റര്‍ നീളത്തിലുള്ള റോഡ് വ്യാഴാഴ്ച മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന് ഉദ്ഘാടനം ചെയ്തിരുന്നു. 43.1 കോടി റിയാല്‍ ചെലവഴിച്ചാണ് ഈ ഭാഗത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതടക്കം മക്ക പ്രവിശ്യയില്‍ പുതുതായി പൂര്‍ത്തിയാക്കിയ 20 റോഡ് പദ്ധതികള്‍ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു.
ജിദ്ദ തുറമുഖ വികസന പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങിലും ഗതാഗത, ലോജിസ്റ്റിക്സ് സര്‍വീസ് മന്ത്രി പങ്കെടുത്തു. ജിദ്ദ തുറമുഖത്തിന്റെ വടക്കുഭാഗത്തെ വികസന ജോലികള്‍ റെഡ്സീ ഗെയ്റ്റ് ടെര്‍മിനല്‍ കമ്പനിയുമായി സഹകരിച്ച് 100 കോടി റിയാല്‍ നിക്ഷേപത്തോടെയാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. തുറമുഖത്തിന്റെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കാനും ലോജിസ്റ്റിക്സ് സേവനങ്ങളുടെ കാര്യക്ഷമത ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് വികസന പദ്ധതി നടപ്പാക്കിയത്.