കുവൈത്ത് സിറ്റി : കുവൈത്ത് പാർലമെന്റ് പിരിച്ചുവിട്ട് അമീർ ശൈഖ് മിശ്അൽ അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ് ഉത്തരവിറക്കി. ഭരണഘടനാ തത്വങ്ങൾ ലംഘിച്ചതാണ് പാർലമെന്റ് പിരിച്ചുവിടാൻ കാരണം. അമീറിന്റെ ഉന്നത പദവിയോടുള്ള ബഹുമാനം ഉയർത്തിക്കാട്ടുന്നതിൽ ഭരണഘടനാ തത്വങ്ങൾ ലംഘിക്കുകയും അപകീർത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങൾ ബോധപൂർവം ഉപയോഗിച്ചതുമാണ് പാർലമെന്റ് പിരിച്ചുവിടാൻ കാരണമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി പറഞ്ഞു.
പാർലമെന്റ് അംഗങ്ങളിൽ ഒരാൾ അമീറിനെ അപമാനിച്ചതാണ് പാർലമെന്റ് പിരിച്ചുവിടുന്നതിലേക്ക് നയിച്ചത്. അമീറിനെ അപകീർത്തിപ്പെടുത്തിയുള്ള പരാമർശം രേഖകളിൽ നിന്ന് നീക്കാൻ എം.പിമാർ വിസമ്മതിച്ചതിനെ തുടർന്ന് ബുധനാഴ്ച പാർലമെന്റ് യോഗത്തിൽ സംബന്ധിക്കാൻ മന്ത്രിസഭ കൂട്ടാക്കിയിരുന്നില്ല. സമീപ കാലത്ത് നിരവധി തവണ കുവൈത്ത് പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തിയിരുന്നു.