ജിസാന്‍ : സൗദിയിലുള്ളവര്‍ ചന്ദനത്തടി തേടി ഇനി മൈസൂര്‍ കാടുകളിലേക്ക് പോകേണ്ടതില്ല. ജിസാന്‍ പ്രവിശ്യയില്‍ പെട്ട ഫറസാന്‍ ദ്വീപില്‍ ചന്ദന വൃക്ഷ കൃഷിക്ക് തുടക്കം. ഊദ്, ചന്ദന വൃക്ഷ കൃഷി പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന ശാസ്ത്രസംഘം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ പൂര്‍ത്തീകരണം എന്നോണം ഫറസാന്‍ ദ്വീപില്‍ നിരവധി ചന്ദന മരങ്ങള്‍ നട്ടുപിടിപ്പിച്ചു. ജിസാന്‍ മലയോര മേഖല വികസന, പുനര്‍നിര്‍മാണ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ദാഫിര്‍ അല്‍ഫഹാദ്, ഫറസാന്‍ ദ്വീപ് ഗവര്‍ണര്‍ അബ്ദുല്ല അല്‍ദാഫിരി, സൈര്‍ മര്‍കസ് മേധാവി അബ്ദുല്‍ഹാദി അല്‍ഫൈഫി, ഫറസാന്‍ ദ്വീപ് ഫിഷറീസ്, കൃഷി വകുപ്പ് മേധാവി ഈസ ഉഖൈലി എന്നിവരുടെ സാന്നിധ്യത്തിലാണ് ചന്ദന വൃക്ഷത്തൈകള്‍ നട്ടത്.
സൗദിയില്‍ ആദ്യമായി ചന്ദന വൃക്ഷ കൃഷി ആരംഭിക്കുന്നതില്‍ ജിസാന്‍ മലയോര മേഖല വികസന, പുനര്‍നിര്‍മാണ അതോറിറ്റി വിജയിച്ചിരുന്നു. ജിസാന്‍ യൂനിവേഴ്‌സിറ്റി, ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി, പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം എന്നിവയുടെ പങ്കാളിത്തത്തോടെ ജിസാന്‍ മലയോര മേഖല വികസന, പുനര്‍നിര്‍മാണ അതോറിറ്റി വിദഗ്ധ സംഘമാണ് സൗദിയില്‍ ആദ്യമായി ജിസാന്‍ പ്രവിശ്യയില്‍ ചന്ദന വൃക്ഷ കൃഷിക്ക് തുടക്കം കുറിച്ചത്.
ആദ്യ ഘട്ടത്തില്‍ ജിസാനിലെ ഏതാനും മലയോര മേഖലകളിലെ കൃഷി സ്ഥലങ്ങളില്‍ 2,200 ലേറെ ചന്ദന മരങ്ങളാണ് നട്ടുവളര്‍ത്തിയത്. ഇത് വന്‍ വിജയമായിരുന്നു. ജിസാന്‍ പ്രവിശ്യയില്‍ കര്‍ഷകര്‍ക്ക് ഉയര്‍ന്ന സാമ്പത്തിക ലാഭം ലഭിക്കുന്ന മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ചന്ദന വൃക്ഷ കൃഷി പദ്ധതി നടപ്പാക്കുന്നത്. വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാനുള്ള വിഷന്‍ 2030 ലക്ഷ്യങ്ങളുമായി ഇത് പൊരുത്തപ്പെട്ടുപോകുന്നു.