ജിദ്ദ : വാടക സേവനങ്ങള്‍ക്കുള്ള ഈജാര്‍ നെറ്റ്‌വര്‍ക്ക് വഴി ജനുവരിയില്‍ 59,575 വാണിജ്യ വാടക കരാറുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മാസം പ്രതിദിനം ശരാശരി രണ്ടായിരത്തോളം വാണിജ്യ വാടക കരാറുകള്‍ തോതില്‍ ഈജാറില്‍ രജിസ്റ്റര്‍ ചെയ്തു. ഒരു മാസത്തിനിടെ ഇത്രയും വാണിജ്യ വാടക കരാറുകള്‍ ഈജാറില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ആദ്യമാണ്. ഇതുവരെ 15 ലക്ഷത്തിലേറെ വാണിജ്യ വാടക കരാറുകളാണ് ഈജാറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ കൊല്ലം ജനുവരി മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസം ഈജാറില്‍ രജിസ്റ്റര്‍ ചെയ്ത വാണിജ്യ വാടക കരാറുകളുടെ എണ്ണം 15 ശതമാനം തോതില്‍ വര്‍ധിച്ചു. റിയല്‍ എസ്റ്റേറ്റ് വാടക മേഖലയില്‍ വിശ്വാസ്യതാ നിലവാരം ഉയര്‍ന്നതിന്റെ ഫലമായാണ് ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചത്. ജനുവരിയില്‍ വ്യത്യസ്ത വാണിജ്യ റിയല്‍ എസ്റ്റേറ്റ് യൂനിറ്റുകളുടെ വാടക കരാറുകളുടെ രജിസ്‌ട്രേഷനില്‍ ശ്രദ്ധേയമായ വളര്‍ച്ച രേഖപ്പെടുത്തി. ജനുവരിയില്‍ ഓഫീസ് ആവശ്യത്തിനുള്ള റിയല്‍ എസ്റ്റേറ്റ് യൂനിറ്റുകളുടെ വാടക കരാര്‍ രജിസ്‌ട്രേഷനില്‍ 26 ശതമാനം വളര്‍ച്ചയുണ്ടായി. ഒരു മാസത്തിനിടെ 6,600 ഓഫീസുകളുടെ വാടക കരാറുകള്‍ ഈജാറില്‍ രജിസ്റ്റര്‍ ചെയ്തു.
നീതിന്യായ മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വാണിജ്യ മന്ത്രാലയം, നിക്ഷേപ മന്ത്രാലയം തുടങ്ങിയ സര്‍ക്കാര്‍, സ്വകാര്യ വകുപ്പുകളുമായുള്ള ഡിജിറ്റല്‍ സംയോജനം, മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയത്തിന്റെ ബലദീ പ്ലാറ്റ്‌ഫോമുമായുള്ള ബന്ധിപ്പിക്കല്‍ എന്നിവ അടക്കം നിരവധി സവിശേഷതകള്‍ ഈജാര്‍ നെറ്റ്‌വര്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
റിയല്‍ എസ്റ്റേറ്റ് വാടക മേഖല നവീകരിക്കല്‍, കാര്യക്ഷമത വര്‍ധിപ്പിക്കല്‍, വാടക പ്രക്രിയകളും നടപടിക്രമങ്ങളും സുഗമമാക്കല്‍, സാമ്പത്തികവും കരാര്‍പരവുമായ ഇടപാടുകളില്‍ സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കല്‍ എന്നിവ ഈജാര്‍ നെറ്റ്‌വര്‍ക്ക് പ്രോഗ്രാമില്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. ഇതിലൂടെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനും വാടക പ്രക്രിയ കക്ഷികളുടെ അവകാശങ്ങള്‍ സംരക്ഷിച്ച് അപകട സാധ്യതകള്‍ കുറക്കാനും വാടക കരാറുകളുമായി ബന്ധപ്പെട്ട കേസുകള്‍ കുറക്കാനും സാധിക്കുന്നു. ഇതിന്റെ ഫലമായി വാടക തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് കോടതികളില്‍ എത്തുന്ന കേസുകള്‍ 50 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്.
ദേശീയ ജല കമ്പനി അടക്കമുള്ള വകുപ്പുകളുമായും സ്ഥാപനങ്ങളുമായും ഈജാര്‍ പ്രോഗ്രാം നിരവധി തന്ത്രപ്രധാന പങ്കാളിത്തങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്ത വാടക കരാര്‍ പ്രകാരം യഥാര്‍ഥ ഉപയോക്താവിന്റെ പേരിലേക്ക് വാട്ടര്‍ മീറ്റര്‍ അക്കൗണ്ട് മാറ്റാന്‍ അവസരമൊരുക്കാനാണ് ദേശീയ ജല കമ്പനിയുമായി ഈജാര്‍ പ്രോഗ്രാം പങ്കാളിത്ത കരാര്‍ സ്ഥാപിച്ചത്.
ധന, കരാര്‍ ഇടപാടുകളില്‍ വിശ്വാസ്യത വര്‍ധിപ്പിച്ചും നടപടിക്രമങ്ങള്‍ എളുപ്പമാക്കിയും നൂതന ഇലക്‌ട്രോണിക് സേവനങ്ങള്‍ വൈവിധ്യവല്‍ക്കരിച്ചും വാടക കരാര്‍ കക്ഷികളുടെ അഭിലാഷങ്ങള്‍ സാക്ഷാല്‍ക്കരിക്കാനും റിയല്‍ എസ്റ്റേറ്റ് വാടക മേഖല മെച്ചപ്പെടുത്താനും സുരക്ഷിതമായ വാടക സാഹചര്യം സൃഷ്ടിക്കാനും ഈജാര്‍ ലക്ഷ്യമിടുന്നു. മാസ, പാദവര്‍ഷ, അര്‍ധവര്‍ഷ, വാര്‍ഷിക അടിസ്ഥാനത്തില്‍ വാടക പെയ്‌മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ ഈജാര്‍ നെറ്റ്‌വര്‍ക്ക് അവസരമൊരുക്കുന്നു.
ഭൂമി വാടക, എ.ടി.എം സ്ഥാപിച്ച സ്ഥലത്തിനുള്ള വാടക, പെട്രോള്‍ ബങ്ക് വാടക, മൊബൈല്‍ ഫോണ്‍ ടവര്‍ സ്ഥാപിച്ച സ്ഥലത്തിന്റെ വാടക, ഹൗസ് ഡ്രൈവര്‍മാര്‍ക്കുള്ള മുറിയുടെ വാടക, കാര്‍ പാര്‍ക്കിംഗ് വാടക എന്നീ റിയല്‍ എസ്റ്റേറ്റ് യൂനിറ്റ് വാടകകള്‍ അടക്കാനുള്ള സൗകര്യവും ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എളുപ്പവും വഴക്കമുള്ളതുമായ നടപടികളിലൂടെ പുതിയ വാടക കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം സുഗമമാക്കല്‍, ഈജാര്‍ നെറ്റ്‌വര്‍ക്ക് വഴി വാടക കരാറുകള്‍ ഓലൈന്‍ ആയി നേരിട്ട് രജിസ്റ്റര്‍ ചെയ്യല്‍, വാടക കരാറുകള്‍ ഓട്ടോമാറ്റിക് ആയി പുതുക്കാനുള്ള സൗകര്യം എന്നിവ അടക്കം ഈജാര്‍ നെറ്റ്‌വര്‍ക്ക് നിരവധി സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.